രാഹുൽ മാങ്കൂട്ടത്തിലിനെ നിർദേശിച്ചത് ഷാഫി തന്നെയെന്ന് കെ. സുധാകരൻ



പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിലിനെ പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയാക്കാൻ നിർദേശിച്ചത് ഷാഫി പറമ്പിൽ തന്നെയെന്നെ കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ. അതേസമയം, ഷാഫിയുടെ മാത്രം അഭിപ്രായത്തിന്‍റെ അടിസ്ഥാനത്തിലല്ല രാഹുലിനെ സ്ഥാനാർഥിയാക്കിയതെന്നും സുധാകരൻ വ്യക്തമാക്കി.

പാലക്കാട് ഡിസിസി സ്ഥാനാർഥിയായി നിർദേശിച്ചിരുന്നത് കെ. മുരളീധരനെയായിരുന്നു എന്നു സൂചിപ്പിക്കുന്ന കത്ത് ചോർന്നതിന്‍റെ പശ്ചാത്തലത്തിലാണ് സുധാകരന്‍റെ പ്രതികരണം. ഡിസിസിയിൽനിന്ന് പല പേരുകളും ഉയർന്നുവന്നിട്ടുണ്ട്. തീരുമാനമെടുത്ത ശേഷം വിവാദമുണ്ടാക്കുന്നതിൽ കഴമ്പില്ലെന്നും അദ്ദേഹം പറഞ്ഞു.

വടകര ലോക്സഭാ മണ്ഡലത്തിൽ നിന്ന് ഷാഫിയെ മത്സരിപ്പിച്ചതിനു പകരമായല്ല രാഹുലിനെ പാലക്കാട് മത്സരിപ്പിക്കുന്നത്. കത്ത് വിവാദമായതിനെക്കുറിച്ച് പാർട്ടി അന്വേഷിക്കും. പാർട്ടി ഓഫിസിൽ നിന്നാണോ കത്ത് ചോർന്നതെന്നു പരിശോധിക്കുമെന്നും സുധാകരൻ.
Previous Post Next Post