കുട്ടികള്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധംനിയമം കര്‍ശനമാക്കാന്‍ മോട്ടോര്‍ വകുപ്പ്


തിരുവനന്തപുരം : ഇരുചക്ര വാഹനങ്ങളില്‍ ഇനി മുതല്‍ കുട്ടികള്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധം. നേരത്തേ കുട്ടികളെ ഒഴിവാക്കിയ നിയമത്തിന്റെ പരിധിയില്‍ നാല് വയസ്സിന് മുകളിലുള്ള കുട്ടികളെ ഉള്‍പ്പെടുത്താനാണ് നീക്കം. നിയമം കര്‍ശനമായി നടപ്പാക്കാനാണ് മോട്ടര്‍ വാഹന വകുപ്പ് ഒരുങ്ങുന്നത്.

കാറിന്റെ പിന്‍സീറ്റില്‍ കുട്ടികള്‍ക്ക് ബെല്‍റ്റ് ഉള്‍പ്പെടെയുള്ള പ്രത്യേക ഇരിപ്പിടവും നിര്‍ബന്ധമാക്കും. കാറും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ എയര്‍ബാഗ് മുഖത്തമര്‍ന്നതിനെത്തുടര്‍ന്ന് മാതാവിന്റെ മടിയിലിരുന്ന രണ്ടു വയസ്സുകാരി ശ്വാസംമുട്ടി മരിച്ചതിനെ തുടര്‍ന്നാണ് നടപടി.

നാലു വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് കാറുകളുടെ പിന്‍സീറ്റില്‍ പ്രായത്തിന് അനുസരിച്ച്, ബെല്‍റ്റ് ഉള്‍പ്പെടെയുള്ള പ്രത്യേക ഇരിപ്പിടം (ചൈല്‍ഡ് റിസ്ട്രെയിന്റ് സിസ്റ്റം) സജ്ജമാക്കണം. നാല് മുതല്‍ 14 വയസ് വരെയുള്ള, 135 സെ.മീറ്ററില്‍ താഴെ ഉയരവുമുള്ള കുട്ടികള്‍ കാറിന്റെ പിന്‍സീറ്റില്‍ ചൈല്‍ഡ് ബൂസ്റ്റര്‍ കുഷ്യനില്‍ സുരക്ഷാ ബെല്‍റ്റ് ധരിച്ചു വേണം ഇരിക്കാന്‍. സുരക്ഷാ സംവിധാനങ്ങള്‍ ഉപയോഗിക്കുന്നുണ്ടെന്ന് ഡ്രൈവര്‍ ഉറപ്പാക്കണമെന്നും അധികൃതര്‍ അറിയിച്ചു.
Previous Post Next Post