അപകടത്തിൽ കൊല്ലപ്പെട്ടത് കൊല്ലം കുണ്ടറ സ്വദേശിയായ പൈലറ്റ് ഗിരീഷ് പിള്ളയാണ്.
ഹെലിക്കോപ്റ്റർ അപകടത്തിൽപ്പെട്ടത് മഹാരാഷ്ട്രയിലെ പൂനെയ്ക്കടുത്തുള്ള ബവ്ധനിലാണ്. സംഭവമുണ്ടായത് ഇന്ന് രാവിലെ 6.45-നാണ്. പറന്നുയര്‍ന്ന ഉടന്‍ തന്നെ തകര്‍ന്ന് വീഴുകയായിരുന്നു. ഹെലിക്കോപ്റ്ററിനുള്ളിൽ ഉണ്ടായിരുന്നത് രണ്ട് പൈലറ്റുമാരും ഒരു എന്‍ജിനീയറുമാണ്. പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് കോപ്ടർ പറന്നുയർന്നത് ഓക്‌സ്‌ഫോര്‍ഡ് ഗോള്‍ഫ് ക്ലബ്ബിൻ്റെ ഹെലിപാഡില്‍ നിന്നാണെന്നാണ്.
പൂർണ്ണമായും കത്തിയമർന്ന നിലയിലാണ് ഹെലിക്കോപ്റ്ററുള്ളത്. അപകടത്തിന് വഴിവച്ചത് പ്രദേശത്തുണ്ടായിരുന്ന കനത്ത മൂടൽമഞ്ഞാകാമെന്നാണ് വിലയിരുത്തുന്നത്.
മൃതദേഹങ്ങൾ പൂനെയിലെ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടം നടപടികൾ പുരോഗമിക്കുകയാണ്.
ദീർഘകാലം വ്യോമസേനയിൽ പൈലറ്റായി സേവനമനുഷ്ഠിച്ച ഗിരീഷ് പിള്ള ഡൽഹി ആസ്ഥാനമാക്കിയുള്ള കമ്പനിയുടെ ഹെലിക്കോപ്റ്റർ പറത്തുകയായിരുന്നു. ഇത് ചൊവ്വാഴ്ച്ച എം സി പി നേതാവ് സുനിൽ തട്കറെ സഞ്ചരിച്ചിരുന്ന ഹെലിക്കോപ്റ്ററാണ്. നൈറ്റ് ഹോൾട്ടിനായാണ് ഈ പ്രദേശത്ത് ഹെലികോപ്റ്റർ നിർത്തിയത്.