കേസിൽ പഴയാറ്റിൻ കുഴിയിൽ വാടകയ്ക്ക് താമസിക്കുന്ന അലി ഹസീമാണ് പിടിയിലായത്.
മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് ഇരവിപുരം പോലീസ് നടത്തിയ അന്വേഷണമാണ് പ്രതിയെ കുടുക്കിയതിൽ നിർണ്ണായകമായത്. എറണാകുളത്ത് സ്ഥിരതാമസമാക്കിയ പ്രതി മോഷണത്തിന് വേണ്ടിയായിരുന്നു കൊല്ലത്ത് വാടക വീടെടുത്ത് താമസിച്ചു വന്നത്.
കൊല്ലത്തെ തട്ടാമല, മാടൻനട, പഴയാറ്റിൻ കുഴി എന്നിവിടങ്ങളിലെ നാലോളം ക്ഷേത്രങ്ങളിലാണ് പ്രതി മോഷണം നടത്തിയത്. ശ്രീകോവിലിൽ അടക്കം കുത്തിതുറന്ന് സ്വർണ്ണവും നിലവിളക്കുകളും പാത്രങ്ങളും മോഷ്ടിക്കുന്നതായിരുന്നു ഇയാളുടെ എപ്പോഴുമുള്ള രീതി.
ശേഷം കള്ളൻ മോഷ്ടിച്ച സാധനങ്ങൾ കൊല്ലം ജില്ലയിലെ ആക്രി വ്യാപാര സ്ഥാപനങ്ങളിൽ വിറ്റ ശേഷം എറണാകുളത്തേക്ക് കടക്കും. ഇതാണ് ഇയാളുടെ സ്ഥിരം രീതി.
അങ്ങനെ ഒരേ ശൈലിയിലുള്ള മോഷണങ്ങൾ ആവർത്തിച്ചതോടെ ഇരവിപുരം പോലീസ് പ്രതിയെ കണ്ടെത്താൻ പ്രത്യേക സംഘത്തെ തന്നെ രൂപീകരിച്ചു. ശേഷം സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പോലീസ് പ്രതിയെ തിരിച്ചറിയുന്നത്.
രഹസ്യ നീക്കത്തിനൊടുവിൽ ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന പ്രതിയെ പിടികൂടുകയായിരുന്നു. കൂടുതൽ ജില്ലകളിൽ പ്രതി മോഷണം നടത്തിയിട്ടുണ്ടോ എന്നും പോലീസ് അന്വേഷിച്ചു വരുന്നുണ്ട്. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയിൽ ഹാജരാക്കി ഇയാളെ റിമാൻഡ് ചെയ്തു.