വീട്ടിലിരുന്ന് എവറസ്റ്റ് കീഴടക്കി ഗിന്നസ് വേൾഡ് റെക്കോർഡിൽ യുവാവ് ഇടം നേടി എന്ന് കേള്‍ക്കുമ്പോള്‍ എന്തോ ഒരു പന്തികേട് തോന്നിയോ? എന്നാല്‍ സംശയിക്കേണ്ട കേട്ടത് സത്യം തന്നെ. സീൻ ഗ്രീസ്ലി എന്ന ചെറുപ്പക്കാരനാണ് വീട്ടിലിരുന്ന് ഏവറസ്റ്റ് കീഴടക്കിയത്. ഏങ്ങനെയെന്നല്ലേ,സീൻ ഗ്രീസ്ലി ഇതുവരെ യഥാര്‍ത്ഥ ഏവറസ്റ്റ് പര്‍വ്വതം നേരിട്ട് കണ്ടിട്ടില്ല. എന്നാല്‍ അദ്ദേഹം വീട്ടിലിരുന്ന് ഏവറസ്റ്റിന്‍റെ ഉയരം കീഴടക്കി. അങ്ങനെയാണ് സീന്‍ ഗ്രീസ്ലി ഗിന്നസ് വേൾഡ് റെക്കോർഡിൽ (GWR) ഇടം നേടിയതും. ലാസ് വെഗാസിലെ തന്‍റെ വീട്ടിലെ കോണിപ്പടികൾ 23 മണിക്കൂറോളം നേരം തുടര്‍ച്ചയായി കയറിയിറങ്ങിയാണ് സീന്‍ ഗ്രീസ്ലി, ഏവറസ്റ്റിന്‍റെ ഉയരത്തിന് തുല്യമായ 8,848.86 മീറ്റർ ദൂരം താണ്ടിയത്.
കൃത്യമായി പറഞ്ഞാൽ 22 മണിക്കൂറും 57 മിനിറ്റും 2 സെക്കൻഡും കൊണ്ടാണ് ഗ്രീസ്‌ലി കയറ്റം പൂർത്തിയാക്കിയത്. ഇതോടെ ഗോവണി ഉപയോഗിച്ച് എവറസ്റ്റിന്‍റെ ഉയരം ഏറ്റവും വേഗത്തിൽ കീഴടക്കുന്ന വ്യക്തി എന്ന ലോക റെക്കോർഡ് ഗ്രീസ്‌ലിയ്ക്ക് സ്വന്തമായി. COVID-19 പാൻഡെമിക് സമയത്ത് മാനസികാരോഗ്യ പ്രശ്നങ്ങൾ അനുഭവിച്ചതിന് ശേഷം ആത്മഹത്യാ പ്രവണത തടയുന്നതിന് ഫണ്ട് സ്വരൂപിക്കാൻ താൻ ആഗ്രഹിക്കുന്നുവെന്നും അതിനായാണ് ഇത്തരത്തിൽ വേറിട്ട ഒരു ശ്രമം നടത്തിയതെന്നുമാണ് ഗ്രീസ്‌ലി നേട്ടത്തോട് പ്രതികരിക്കവെ വ്യക്തമാക്കിയത്.