കുവൈറ്റിൽ പ്രവാസികൾക്ക് ബയോമെട്രിക് ഫിംഗർ പ്രിന്റ് നടപടികൾ പൂർത്തിയാക്കാൻ ഇനി രണ്ട് മാസം കൂടി. ഡിസംബർ 31ന് മുൻപ് നടപടികൾ പൂർത്തിയാക്കാൻ അധികൃതർ നിർദേശിച്ചു. ക്രിമിനൽ എവിഡൻസ് ജനറൽ ഡിപ്പാർട്ട്മെന്‍റ് കേന്ദ്രങ്ങളിൽ ദിവസവും രാവിലെ 8 മുതൽ രാത്രി 8 വരെ വിരലടയാള നടപടിക്രമങ്ങൾ നടത്താം. മെറ്റാ പ്ലാറ്റ്‌ഫോം, സാഹേൽ ആപ്പ് എന്നിവടങ്ങളിലൂടെ അപ്പോയിന്‍റ്മെന്‍റ് കരസ്ഥമാക്കണമെന്ന് മന്ത്രാലയം എക്സ് പ്ലാറ്റ്‌ഫോമിലൂടെ അറിയിച്ചു.
കഴിഞ്ഞ മാസം അവസാനം വരെയായിരുന്നു കുവൈത്ത് സ്വദേശികൾക്ക് ബയോമെട്രിക് വിരലടയാള നടപടിക്രമങ്ങൾക്ക് ആഭ്യന്തര മന്ത്രാലയം സമയം അനുവദിച്ചിരുന്നത്. 50,000-ലധികം പേർ നടപടി പൂർത്തിയാക്കാനുണ്ടെന്ന് ക്രിമിനൽ എവിഡൻസ് ജനറൽ ഡിപ്പാർട്ട്മെന്‍റ് ഡയറക്ടർ മേജർ ജനറൽ ഈദ് അൽ-അവൈഹാന്‍ വെളിപ്പെടുത്തി. നടപടികൾ പൂർത്തിയാക്കുന്നതിൽ പരാജയപ്പെട്ടവരുടെ എല്ലാ ഇടപാടുകളും ഘട്ടംഘട്ടമായി നിർത്തിവയ്ക്കാനുള്ള ഉത്തരവ് നൽകിയിട്ടുണ്ട്.