ഡിഎംകെ ഷാളും ചുവന്ന തോര്‍ത്തുമായി പി വി അന്‍വര്‍ നിയമസഭയിലേക്ക്..തൊഴിലാളികളുടെ പ്രതീകം…
എൽഡിഎഫ് വിട്ട് പുറത്ത് പോയ ശേഷം ആദ്യമായി നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കാൻ പി.വി അൻവർ.ഡിഎംകെ യുടെ ഷാള്‍ അണിഞ്ഞ് കയ്യില്‍ ചുവന്ന തോര്‍ത്തുമായിട്ടാണ് പി വി അന്‍വര്‍ നിയമസഭയിലേക്ക് എത്തിയത്. സാധാരണക്കാരായ ചുമട്ടു തൊഴിലാളികളുടേയും, മറ്റു തൊഴിലാളി സമൂഹത്തിന്റേയും, രക്തസാക്ഷികളായ സഖാക്കളുടേയും പ്രതീകമാണ് ചുവന്ന തോര്‍ത്ത്. അതുകൊണ്ടു തന്നെ ഏറെ ആദരവോടെയാണ് ചുവന്ന തോര്‍ത്ത് കയ്യില്‍ കരുതിയതെന്നും അന്‍വര്‍ പറഞ്ഞു.
അൻവറിനെ പ്രത്യേക ബ്ലോക്കായി ഇരിക്കാൻ സ്പീക്കർ അനുവദിച്ചതിന് പിന്നാലെയാണ് സഭാ സമ്മേളനത്തിൽ പങ്കെടുക്കാനായി അൻവർ തിരുവനന്തപുരത്തെത്തിയത്.എന്നാല്‍ നിയമസഭയില്‍ ചെല്ലുമ്പോള്‍ എന്താണ് സംഭവിക്കുകയെന്ന് അറിയില്ല. അതിനാലാണ് തോര്‍ത്ത് കരുതിയതെന്നും അന്‍വര്‍ പറഞ്ഞു.
അതേസമയം പൊലീസില്‍ വിശ്വാസമില്ലെന്ന് അന്‍വര്‍ വ്യക്തമാക്കി. പിണറായി വിജയന്‍ ആഭ്യന്തര വകുപ്പ് ഭരിക്കുന്നിടത്തോളം കാലം പൊലീസില്‍ നിന്നും തനിക്ക് നീതി ലഭിക്കില്ലെന്ന് ഉറപ്പായി. താന്‍ ഉന്നയിച്ച ആരോപണങ്ങളില്‍ ജുഡീഷ്യല്‍ അന്വേഷണമാണ് വേണ്ടത്. എന്നാല്‍ സ്വര്‍ണക്കടത്ത് അടക്കമുള്ള ആരോപണങ്ങളില്‍ പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണം സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. എന്നാല്‍ പ്രത്യേക അന്വേഷണ സംഘത്തില്‍ തനിക്ക് വിശ്വാസമില്ലെന്നും അൻവർ പറഞ്ഞു.