ഇടതുമുന്നണിയും ബിജെപിയും സ്ഥാനാർത്ഥികളെ നിശ്ചയിക്കാനുള്ള ചർച്ചയിലാണ്. ഇടതുമുന്നണി സ്ഥാനാർത്ഥികളെ ഇന്നോ നാളെയോ പ്രഖ്യാപിക്കും. തങ്ങളുടെ സ്ഥാനാർത്ഥികളും വൈകില്ലെന്നാണ് ബിജെപി നേതൃത്വവും വ്യക്തമാക്കുന്നത്.
സിപിഎം മത്സരിക്കുന്ന പാലക്കാട്, ചേലക്കര മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർത്ഥികളെ കുറിച്ച് പാർട്ടി ധാരണയായിട്ടുണ്ട്. ചേലക്കരയിൽ മുൻ എംഎൽഎ യു.ആർ പ്രദീപിനെ മത്സരിപ്പിക്കാനാണ് സിപിഎം ആലോചന. തൃശ്ശൂർ ജില്ലാ കമ്മിറ്റിക്കും ഇതാണ് അഭിപ്രായം. മറ്റു പേരുകൾ പാർട്ടി നേതൃത്വത്തിന്റെ പരിഗണനയിലില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ മൂന്നാം സ്ഥാനത്ത് പോയ പാലക്കാട് മണ്ഡലത്തിൽ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബിനുമോൾക്കാണ് മുൻഗണന. പ്രിയങ്ക ഗാന്ധിക്കെതിരെ വയനാട്ടിൽ ആരെ മത്സരിപ്പിക്കണമെന്ന ആലോചന സിപിഐയിൽ തകൃതിയായി നടക്കുകയാണ്.
മുന്നണി സ്ഥാനാർത്ഥികളെ ഒരുമിച്ച് ഇന്നോ നാളെയോ പ്രഖ്യാപിക്കാം എന്നാണ് നേതൃത്വത്തിൽ ഉണ്ടായിരിക്കുന്ന ധാരണ. ഓരോ മണ്ഡലത്തിലും പരിഗണിക്കേണ്ട മൂന്ന് പേരുടെ വീതം പട്ടികയാണ് ബിജെപി സംസ്ഥാന നേതൃത്വം തയ്യാറാക്കിയത്.