ഇന്ത്യയിൽ കേസുള്ളത് ചൂണ്ടിക്കാട്ടും..വികാസ് യാദവിനെ അമേരിക്കയ്ക്ക് കൈമാറില്ല…


ഖാലിസ്ഥാൻ വിഘടനവാദി ഗുർപത്വന്ത് സിംഗ് പന്നുവിനെ വധിക്കാൻ ശ്രമിച്ച കേസിലെ ആരോപണ വിധേയൻ വികാസ് യാദവിനെ ഇന്ത്യ അമേരിക്കയ്ക്ക് കൈമാറില്ല. വികാസ് യാദവിനെതിരെ ഇന്ത്യയിൽ കേസുള്ളത് ചൂണ്ടിക്കാട്ടാനാണ് ഇന്ത്യയുടെ തീരുമാനം. മുംബൈ ഭീകരാക്രമണകേസിലെ പ്രതി ഡേവിഡ് ഹെഡ്ലിയെ കൈമാറണം എന്ന ആവശ്യം അമേരിക്കയോട് വീണ്ടും ഉന്നയിക്കാനും വിദേശകാര്യമന്ത്രാലയം തീരുമാനിച്ചതായാണ് സൂചന.
ഖാലിസ്ഥാൻ വിഘടനവാദി ഗുർപത്വന്ത് സിംഗ് പന്നുവിനെ വധിക്കാൻ രഹസ്യാന്വേഷണ ഏജൻസിയായ റോയുടെ ഉദ്യോഗസ്ഥൻ വികാസ് യാദവ് കരാർ നല്കിയെന്നാണ് അമേരിക്കയുടെ ആരോപണം. അമേരിക്കയുടെ പിടിയിലായ നിഖിൽ ഗുപ്ത വഴി ക്വട്ടേഷൻ നല്കിയത് അമേരിക്കയുടെ രഹസ്യ ഏജൻറിനാണ്. വികാസ് യാദവിനെതിരെ എല്ലാ തെളിവുമുണ്ടെന്നും കൈമാറണമെന്നും അമേരിക്ക ഇന്ത്യയോട് ആവശ്യപ്പെട്ടു. ഈ കേസ് പുറത്തു വന്ന ശേഷം വികാസ് യാദവിനെതിരെ ദില്ലിയിൽ പണാപഹരണത്തിനും തട്ടിക്കൊണ്ടു പോകലിനും ദില്ലി പൊലീസ് മറ്റൊരു കേസ് രജിസ്റ്റർ ചെയ്തിരുന്നു.
ഇതിൻറെ അന്വേഷണവും. വിചാരണയും പൂർത്തിയാക്കാതെ വികാസ് യാദവിനെ വിട്ടു കൊടുക്കാൻ നിയമതടസ്സമുണ്ടെന്ന് ഇന്ത്യ അമേരിക്കയെ അറിയിക്കും

Previous Post Next Post