കോഴിക്കോട് റെയിൽവേ സ്റ്റേഷനില്‍ ട്രെയിനില്‍ നിന്ന് വീണ് മരിച്ചയാളെ തിരിച്ചറിഞ്ഞു.തമിഴ്നാട് കാഞ്ചീപുരം സ്വദേശി ശരവണൻ (25) ആണ് മരിച്ചത്. കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ ഇന്നലെ രാത്രി 11.30ന് എത്തിയ മംഗളൂരു-കൊച്ചുവേളി ട്രെയിനില്‍ നിന്നാണ് യാത്രക്കാരന് വീണത്. എസി കമ്പാർട്മെന്റിലെ ഡോറിലിരുന്ന ആൾ സ്റ്റേഷനിൽ നിന്നും ട്രെയിൻ എടുത്ത ഉടനെ താഴേക്ക് വീഴുകയായിരുന്നുവെന്നാണ് ആദ്യം പുറത്ത് വന്ന വിവരം.
എന്നാൽ ശരവണനെ തള്ളിയിട്ടതാണെന്ന് മറ്റൊരു യാത്രക്കാരൻ മൊഴി നൽകിയിരുന്നു.ട്രെയിനിലുണ്ടായിരുന്ന എസി മെക്കാനിക് ജീവനക്കാരനാണ് യുവാവിനെ തള്ളിയിട്ടതെന്നാണ് മൊഴി.ട്രെയിനില്‍ യുവാവ് ഓടിക്കയറിയപ്പോള്‍ ഇറങ്ങെടാ വെളിയില്‍ എന്ന് ആക്രോശിച്ച് ജീവനക്കാരന് ഇയാളെ തള്ളിയിടുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്.ഇതിന്റെ അടിസ്ഥാനത്തിൽ ഒരാളെ റെയിൽവേ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുകയാണ്. യാത്രക്കാർ ചങ്ങല വലിച്ചാണ് ട്രെയിൻ നിർത്തിയത്. ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയിൽ കുടുങ്ങിയാണ് മരണം. ഉടന്‍ തന്നെ സ്വകാര്യ ആശുപത്രിയിത്തിച്ചെങ്കിലും മരിച്ചിരുന്നു. മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.