ചാരുംമൂട്: വള്ളിക്കുന്നം കാഞ്ഞിരത്തുമൂട് എസ്ബിഐ ബാങ്കിനോട് ചേർന്നുള്ള എടിഎമ്മിൽ കവർച്ച നടത്താൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. താമരക്കുളം ചത്തിയറ രാജുഭവനത്തിൽ അഭിരാം (20) ആണ് ചെങ്ങന്നൂർ ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിന്‍റെ പിടിയിലായത്. ചൊവ്വാഴ്ച പുലർച്ചെ മൂന്ന് മണിയോടെയാണ് മോഷണ ശ്രമം നടന്നത്.
മോഷണശ്രമവുമായി ബന്ധപ്പെട്ട് മേവാത്തി സംഘത്തിലെ പ്രതികളെക്കുറിച്ചും ഇനിയും പിടിയിലാകാനുള്ള സംഘത്തിലെ മറ്റ് പ്രതികൾക്ക് ഈ മോഷണ ശ്രമത്തിൽ പങ്കുണ്ടെന്ന് സംശയിച്ച് പൊലീസ് അന്വേഷണം നടത്തി. സമാനസ്വഭാവമുള്ള കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിട്ടുള്ള ജില്ലയിലെ മറ്റ് പ്രതികളെക്കുറിച്ചും അന്വേഷണം നടത്തുന്നതിനിടയിലാണ് സംഭവ സ്ഥലത്തിന് അഞ്ച് കിലോമീറ്റർ അകലെയുള്ള പ്രതിയെക്കുറിച്ച് സൂചന ലഭിച്ചത്.