പത്തനംതിട്ട പഴകുളം സ്വദേശി വിഷ്ണു (27) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ വീട്ടിലെത്തിയ എക്‌സൈസ് സംഘം മര്‍ദ്ദിച്ചു എന്നാണ് ബന്ധുക്കളുടെ പരാതി.
ഇന്നലെ ഉച്ചയോടെയാണ് വിഷ്ണുവിനെ പഴകുളത്തെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.വ്യാഴാഴ്ച പറക്കോട് നിന്നുള്ള എക്‌സൈസ് സംഘം വിഷ്ണുവിന്റെ അയല്‍പക്കത്തെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ അവിടെനിന്ന് കഞ്ചാവ് കണ്ടെടുത്തിരുന്നു. തുടര്‍ അന്വേഷണത്തിന് എന്ന പേരില്‍ വീട്ടുമുറ്റത്ത് നിന്ന വിഷ്ണുവിനെ ചോദ്യം ചെയ്തശേഷം അകാരണമായി മര്‍ദ്ദിച്ചു എന്നാണ് പരാതി. പോലീസിന്റെ ഭാഗത്തുനിന്നും എക്‌സൈസില്‍ നിന്നും മോശമായ അനുഭവമാണ് ഉണ്ടായതെന്നും കഞ്ചാവ് കേസിലൊന്നും താനില്ലെന്നും ആത്മഹത്യ ചെയ്യുമെന്നും മകന്‍ അമ്മയോട് പറഞ്ഞിരുന്നു. മകനെ എക്‌സൈസുകാര്‍ കുറെ ഉപദ്രവിച്ചെന്ന് മാതാവ് പറഞ്ഞു.
സംഭവത്തില്‍ പറക്കോട് എക്‌സൈസ് സി ഐയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ പറഞ്ഞു. വിഷ്ണുവിനെ കസ്റ്റഡിയില്‍ എടുക്കുകയോ വീടിനുള്ളില്‍ പ്രവേശിക്കുകയോ ചെയ്തിട്ടില്ലെന്ന് എക്‌സൈസ് അധികൃതര്‍ പറഞ്ഞു.