ജ്യോതിർമയിക്കു പിന്നാലെ വാണി വിശ്വനാഥിന്‍റെ തിരിച്ചുവരവ്; താരസമ്പന്നമായി 'ഒരു അന്വേഷണത്തിന്‍റെ തുടക്കം'


മലയാള സിനിമയിൽ ഇത് മുൻ നായികമാരുടെ തിരിച്ചുവരവിന്‍റെ കാലം. ബൊഗെയ്ൻ വില്ല എന്ന ചിത്രത്തിലെ അസാമാന്യ പ്രകടനവുമായി കളം നിറഞ്ഞ ജ്യോതിർമയിക്കു പിന്നാലെ വാണി വിശ്വനാഥാണ് തിരിച്ചുവരവിനൊരുങ്ങുന്നത്. മുൻപ് നിരവധി ശക്തമായ കഥാപാത്രങ്ങളെ വെള്ളിത്തിരയിൽ അവതരിപ്പിച്ച വാണി വിശ്വനാഥിന്‍റെ പുതിയ ചിത്രം 'ഒരു അന്വേഷണത്തിന്‍റെ തുടക്കം' നവംബർ എട്ടിന് തിയെറ്ററുകളിലെത്തും.

എഴുപതോളം താരങ്ങളുടെ ബാഹുല്യവുമായാണ് സംവിധായകൻ എം.എ. നിഷാദ് ഈ ചിത്രം അണിയിച്ചൊരുക്കിയിട്ടുള്ളത്. സമീപകാല മലയാള സിനിമയിൽ ഏറ്റവും താരനിബിഢമായ സിനിമയായിരിക്കും ഇത്.

എം.എ. നിഷാദിന്‍റെ പിതാവും, മുൻ പൊലീസ് ഉദ്യോഗസ്ഥനുമായ പി.എം. കുഞ്ഞിമൊയ്തീന്‍റെ കേസ് ഡയറിയിലെ പ്രമാദമായ രണ്ടു കേസുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണ് ചിത്രത്തിന്‍റെ തിരക്കഥ. നിഷാദ് തന്നെയാണ് രചനയും. ഷൈൻ ടോം ചാക്കോ അവതരിപ്പിക്കുന്ന ജീവൻ തോമസ് എന്ന മാധ്യമപ്രവർത്തകന്‍റെ തിരോധാനത്തെ ചുറ്റിപ്പറ്റിയാണ് പ്രമേയം. വാകത്താനം കൂട്ടക്കൊല കേസാണ് കഥയിലെ മറ്റൊരു പ്രധാന ഏട്.

സമുദ്രക്കനി, വാണിവിശ്വനാഥ്, സ്വാസിക, ദുർഗ കൃഷ്ണ, സായ് കുമാർ, മുകേഷ്, വിജയ് ബാബു, സുധീർ കരമന, അശോകൻ, കലാഭവൻ ഷാജോൺ, അനുമോൾ, ബൈജു സന്തോഷ്, ജോണി ആന്‍റണി, രമേഷ് പിഷാരടി, ശിവദ, മഞ്ജു പിള്ള, കോട്ടയം നസീർ, കൈലാഷ്, കലാഭവൻ നവാസ്, പി. ശ്രീകുമാർ, ശ്യാമപ്രസാദ്, ബാബു നമ്പൂതിരി, പ്രശാന്ത് അലക്സാണ്ടർ, ഷഹീൻ സിദ്ദിഖ്, ബിജു സോപാനം തുടങ്ങിയവരെ കൂടാതെ സംവിധായകൻ എം.എ. നിഷാദും ഒരു നിർണായക റോളിൽ അഭിനയിക്കുന്നു.

Previous Post Next Post