കേരള - കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ലെന്ന് കേന്ദ്ര കാലാവസ്ഥവകുപ്പ് അറിയിച്ചു. മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടലിൽ ഇന്ന് രാവിലെ വരെ കാറ്റിന്റെ വേഗത മണിക്കൂറിൽ 90 മുതൽ 100 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 110 കിലോമീറ്റർ വരെയും ശക്തിപ്രാപിക്കാൻ സാധ്യത. തുടർന്ന് കാറ്റിന്റെ വേഗത കുറയാനും സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
അതേസമയം, ദാന ചുഴലിക്കാറ്റ് ഇന്നു കര തൊടുമെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ഒഡീഷയിലും പശ്ചിമ ബംഗാളിലും ജാഗ്രത കർശനമാക്കി. 5 സംസ്ഥാനങ്ങളിൽ ദേശീയ ദുരന്ത നിവാരണ സേനയെ വിന്യസിച്ചു. കോസ്റ്റ് ഗാർഡും, നേവിയും, സൈന്യവും സജ്ജമാണ്. ഇന്ന് വൈകീട്ട് 6 മണിമുതൽ കൊൽക്കത്ത വിമാനത്താവളം പ്രവർത്തിക്കില്ല. ഇന്ന് അർദ്ധരാത്രിക്കും നാളെ പുലർച്ചെക്കുമിടയിൽ ഒഡീഷ പുരിയുടെയും പശ്ചിമബംഗാളിലെ സാഗർ ദ്വീപിനും ഇടയിലാണ് ചുഴലിക്കാറ്റ് കരയിൽ പ്രവേശിക്കുക. മണിക്കൂറിൽ 120 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശിയടിച്ചേക്കാമെന്നാണ് മുന്നറിയിപ്പ്.