ഇടുക്കി നെടുങ്കണ്ടത്ത് പൊലീസിനെ കണ്ട് വിരണ്ടോടിയ യൂവാവ് പൊട്ടക്കിണറ്റില്‍ വീണു. മൂന്ന് മണിക്കൂറോളം കിണറ്റില്‍ കിടന്ന യുവാവിനെ അര്‍ധരാത്രിയോടെ അഗ്നിശമന സേനയെത്തി കരയ്ക്കു കയറ്റി. പൊലീസ് വാഹന പരിശോധന നടത്തുന്നതിനിടെ ബൈക്കിലെത്തിയ യുവാവ് ഇറങ്ങി ഓടുകയായിരുന്നു.നെടുങ്കണ്ടം -കൈലാസപ്പാറ റോഡ് കേന്ദ്രീകരിച്ച് വ്യാപകമായി ലഹരിക്കച്ചവടവും നടക്കുന്നുവെന്ന വിവരം പൊലീസിന് ലഭിച്ചതിനെ തുടര്‍ന്നാണ് ഇന്നലെ വൈകീട്ട് ഏഴുമണിയോടെ പൊലീസ് സംഘം പരിശോധന നടത്തിയത്.
ഈ സമയത്ത് ബൈക്കില്‍ രണ്ട് യുവാക്കള്‍ എത്തുന്നു. പൊലിസിനെ കണ്ടതോടെ ബൈക്കിന്റെ പിന്നിലിരുന്ന യുവാവ് ഇറങ്ങി ഓടുകയായിരുന്നു. പിന്നീട് പൊലീസ് ഒരു മണിക്കൂറിലേറെ തിരച്ചില്‍ നടത്തിയെങ്കിലും യുവാവിനെ കണ്ടെത്താനായില്ല.സമീപത്തെ കിണറ്റില്‍ വീണ യുവാവ് പൊലീസ് തിരിച്ച് പോയ ശേഷം ബഹളം വെച്ച് നാട്ടുകാരെ കൂട്ടുകയായിരുന്നു. കിണറ്റിലെ പൈപ്പില്‍ പിടിച്ച് നില്‍ക്കുകയായിരുന്ന യുവാവ്. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി ഫയര്‍ ഫോഴ്‌സിനെ വിളിച്ച് വരുത്തി യുവാവിനെ കരയ്ക്ക് കയറ്റുകയായിരുന്നു. ചെറിയ പരിക്കുകളേറ്റ യുവാവിനെ നെടുങ്കണ്ടത്തെ ആശുപത്രിയില്‍ എത്തിച്ച് പ്രാഥമിക ചികിത്സ നല്‍കി. യുവാവിനൊപ്പം ബൈക്കിലെത്തിയ സുഹൃത്തിന്റെ കൈയില്‍ നിന്ന് 10 ഗ്രാം കഞ്ചാവ് കണ്ടെത്തിയിട്ടുണ്ട്. ഇയാള്‍ക്കെതിരെ കേസെടുത്തു.