കളമശേരിയിലെ ജപ്തിയിൽ ഇടപെട്ട് മന്ത്രി പി രാജീവ്…


കൊച്ചി: എറണാകുളം കളമശേരിയിൽ എസ്ബിഐ വീട് ജപ്തി ചെയ്ച വിഷയത്തിൽ ഇടപെടലുമായി മന്ത്രി പി രാജീവ്. വിഷയത്തിൽ ജില്ലാ ഭരണകൂടത്തോട് റിപ്പോർട്ട്‌ തേടിയിരിക്കുകയാണ് മന്ത്രി. വിവരശേഖരണം പൂർത്തിയാക്കി മന്ത്രിയെ അറിയിക്കും. ഇതിനു ശേഷമായിരിക്കും തീരുമാനം. ആളില്ലാത്ത സമയത്തെത്തിയാണ് ബാങ്ക് ഉദ്യോഗസ്ഥർ വീട് ജപ്തി ചെയ്തത്. ഇതോടെ കുടുംബം പെരുവഴിയിലായി. കൊവിഡിൽ മടങ്ങി വന്ന പ്രവാസിയായ അജയന്റെ കുടുംബമാണ് പ്രതിസന്ധിയിലായത്. വീട്ടിൽ ആരുമില്ലാത്ത സമയത്ത് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അധികൃതർ വീട്ടിലെത്തി ജപ്തി ചെയ്ത് പോകുകയായിരുന്നുവെന്ന് കുടുംബം പറഞ്ഞു.
വീട്ടിൽ ആളില്ലാത്തതിനാൽ വീട് കുത്തിത്തുറന്നാണ് എസ്ബിഐ അധികൃതർ വീടിനുളളിൽ കയറിയത്. രാവിലെ ജോലിക്ക് പോയ ഭാര്യയും ഭർത്താവും പഠിക്കുന്ന മക്കളും തിരികെയെത്തിയപ്പോഴാണ് ഗേറ്റടക്കം ബാങ്ക് പൂട്ടിയിരിക്കുന്നത് കണ്ടത്. വസ്ത്രങ്ങളടക്കം എല്ലാ സാധനങ്ങളും വീടിനുളളിലാണുളളത്. പൂട്ടിയ വീടിനുളളിൽ കയറാനാകാതെ പുറത്ത് നിൽക്കുകയാണ് അജയനും ഭാര്യയും കുട്ടികളും.

എസ്ബിഐയുടെ എംജി റോഡ് ശാഖയിൽ നിന്ന് 2014 ലാണ് അജയൻ 27 ലക്ഷം ലോൺ എടുത്തത്. ബെഹ്റിനിൽ ജോലി ചെയ്യവേ 14 ലക്ഷം തിരിച്ചു അടച്ചു. പ്രവാസിയായിരുന്ന അജയന് കൊവിഡിൽ ഗൾഫിലെ ജോലി നഷ്ടം ആയി. പിന്നീട് നാട്ടിലേക്ക് മടങ്ങി. ഈ സമയത്ത് ലോൺ തിരിച്ചടവ് മുടങ്ങി. വീട് വിറ്റെങ്കിലും പണം തിരിച്ചടക്കാമെന്ന് കരുതിയതായിരുന്നുവെന്നും സാവകാശം ചോദിച്ചിരുന്നുവെന്നും കുടുംബം പറയുന്നു. 33 ലക്ഷം നൽകി ഒറ്റത്തവണ തീർപ്പാക്കലിന് ബാങ്കിനോട് അനുമതി തേടിയിരുന്നു. വീടിന് സമീപത്തെ ക്ഷേത്ര കമ്മിറ്റി കൂടി ഇടപെട്ടായിരുന്നു ഈ നീക്കം.

ബാങ്ക് അധികൃതർ ഉറപ്പ് നൽകിയത് അനുസരിച്ച് 5 ലക്ഷം അടച്ചു. എന്നാൽ ഒരു മാസത്തിന് ശേഷം 33 ലക്ഷം നൽകിയുളള ഒറ്റത്തവണ തീർപ്പാക്കലിന് പറ്റില്ലെന്നും മുഴുവൻ തുകയും അടക്കണമെന്നും ബാങ്ക് ഉദ്യോഗസ്ഥർ പറയുകയായിരുന്നു. 50 ലക്ഷം അടക്കാനാണ് പറയുന്നത്. വീട് വിറ്റാൽ പോലും ഇത്രയും പണം കിട്ടില്ലെന്നും കുടുംബം പറയുന്നു.

Previous Post Next Post