ഉരുൾപ്പൊട്ടൽ ദുരിതത്തിൽ ഒറ്റപ്പെട്ട് പോയവരെ പുനരധിവസിപ്പിക്കാനാണ് മോഡൽ ടൗൺഷിപ്പുകളൊരുക്കുന്നത്. ഇതിനായി ഏറ്റവും അനുയോജ്യമെന്ന് കണ്ടെത്തിയ രണ്ടിടങ്ങളിൽ ഭൂമി ഏറ്റെടുക്കൽ നടപടികൾ തുടങ്ങി. വൈത്തിരി താലൂക്കിലെ കോട്ടപ്പടി വില്ലേജിൽ പെട്ട നെടുമ്പാല എസ്റ്റേറ്റിൽ 65.41 ഹെക്ടർ കണ്ടെത്തിയിട്ടുണ്ട്. രണ്ടാമത്തെ ഭൂമി കൽപ്പറ്റ വില്ലേജിലെ എൽസ്റ്റോൺ എസ്റ്റേറ്റിലാണ്. 78.73 ഹെക്ടറാണ് എൽസ്റ്റോൺ എസ്റ്റേറ്റിൽ നിന്ന് ഏറ്റെടുക്കുന്നത്. ദുരന്തശേഷം വയനാട്ടിലെത്തിയ വിദഗ്ധ സംഘം വാസയോഗ്യവും അല്ലാത്തതുമായ ഭൂമി തരംതിരിച്ച് നൽകിയിട്ടുണ്ട്. പുനരധിവാസത്തിന് പരിഗണിക്കേണ്ടവരുടെ പട്ടിക തയ്യാറാക്കിയാണ് ഭൂമി ഏറ്റെടുക്കൽ അടക്കം നടപടികളിലേക്ക് കടന്നത്.