തിരഞ്ഞെടുപ്പ് അടുത്തപ്പോൾ പിണറായിയെ വട്ടമിട്ട് കേന്ദ്ര ഏജൻസികൾ; പാർട്ടിക്കും സർക്കാരിനും ഉറക്കം നഷ്ടപ്പെടും; മറ്റൊന്നും സംഭവിക്കാനിടയില്ല .സംഭവിക്കുകയുമില്ല !




ഉപതിരഞ്ഞെടുപ്പ് അടുത്തതോടെ കേന്ദ്ര ഏജൻസികൾ മുഖ്യമന്ത്രിയുടെ കുടുംബത്തിനെതിരെ അന്വേഷണവും മൊഴിയെടുപ്പുമായി വീണ്ടും രംഗത്ത്. പൊതുതിരഞ്ഞെടുപ്പ് കാലത്ത് കരുവന്നൂർ ബാങ്ക് തട്ടിപ്പ് സംബന്ധിച്ച് കേന്ദ്ര ഏജൻസികൾ നടത്തിയ അന്വേഷണങ്ങൾ എവിടെയെത്തിയെന്ന് ഇപ്പോഴാർക്കും അറിയില്ല. പാർലമെൻ്റ് തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് മുഖ്യമന്ത്രിയുടെ മകൾ വീണയുടെ എക്സാലോജിക് കമ്പനിക്കെതിരെ എസ്എഫ്ഐഒ (സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ്) നടപടികൾ കടുപ്പിച്ചത്. അന്വേഷണത്തിനെതിരെ വീണ കർണാടക ഹൈക്കോടതിയെ സമീപിച്ചപ്പോഴാണ് കേസിൻ്റെ വിശദാംശങ്ങൾ പുറത്തുവന്നത്

സിഎംആർഎൽ കമ്പനിയുമായി ബന്ധപ്പെട്ട മാസപ്പടി കേസിൽ മൊഴിയെടുക്കാനായി ഇക്കഴിഞ്ഞ ബുധനാഴ്ച വീണയെ എസ്എഫ്ഐഒ ചെന്നൈയിലേക്ക് വിളിച്ചുവരുത്തി എന്നാണ് റിപ്പോർട്ടുകൾ. എക്സാലോജിക്കിന്, കരിമണൽ കമ്പനിയായ സിഎംആർഎൽ ചെയ്യാത്ത സേവനത്തിന് മാസംതോറും തുക നൽകിയെന്നും ഇങ്ങനെ ആകെ 1.72 കോടി രൂപയുടെ ഇടപാട് നടന്നെന്നുമാണ് കേസ്. ആദായവനികുതി വകുപ്പ് ഇക്കാര്യം കണ്ടെത്തി പിഴയീടാക്കി അവസാനിപ്പിച്ചതിന് പിന്നാലെയാണ് എസ്എഫ്ഐഒ അന്വേഷണം തുടങ്ങിയത്. ഈ വർഷം ജനുവരി 31ന് കേന്ദ്ര നിർദേശപ്രകാരം തുടങ്ങിയ നടപടികൾ എട്ടുമാസം കൊണ്ട് പൂർത്തിയാക്കാനാണ് ഉദ്ദേശിച്ചിരുന്നത്.
ഇത് മാത്രമല്ല കേരളത്തിലെ സർക്കാരുമായും മുഖ്യമന്ത്രിമായും ബന്ധപ്പെട്ട് കേന്ദ്ര ഏജൻസികൾ തുടങ്ങിവച്ച പല അന്വേഷണങ്ങളുടെയും അവസ്ഥ ഇത് തന്നെയാണ്.

കരുവന്നൂർ സഹകരണ ബാങ്കിലെ 300 കോടിയുടെ ക്രമക്കേടിൽ അന്വേഷണം ഊർജിതമായതും പാർലമെൻ്റ് തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ്. സിപിഎമ്മിന് തന്നെ ബാങ്കിൽ ഉണ്ടായിരുന്ന അക്കൌണ്ട് മരവിപ്പിച്ച ഇ.ഡി, നേതാക്കളെ ചോദ്യം ചെയ്യാൻ ഒന്നിനുപിറകെ ഒന്നായി കൊച്ചിയിലേക്ക് വിളിച്ചുവരുത്തി കൊണ്ടിരുന്നു. നേതാക്കളാകട്ടെ കടുത്ത നടപടികൾ ഭയന്ന് കോടതികളിൽ കയറിയിറങ്ങുകയും ചെയ്തു. തിരഞ്ഞെടുപ്പ് കഴിഞ്ഞു, കരുവന്നൂർ ഉൾപ്പെട്ട തൃശൂർ മണ്ഡലത്തിൽ നിന്ന് ജയിച്ച് സുരേഷ് ഗോപി ഡൽഹിക്ക് വണ്ടികയറി. ഇ.ഡിയും ഒപ്പം സ്ഥലംവിട്ടോ എന്ന് സംശിക്കും വിധമാണ് പിന്നീട് അന്വേഷണത്തിലുണ്ടായ മെല്ലെപ്പോക്ക്. ഒരു നടപടിയെക്കുറിച്ചും പിന്നീടൊരു വാർത്തും ഉണ്ടായിട്ടില്ല.


കിഫ്ബി മസാല ബോണ്ട് കേസിൽ മുൻ ധനമന്ത്രി തോമസ് ഐസക്കിനെയും ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പ് കാലത്ത് കേന്ദ്ര ഏജൻസി ലക്ഷ്യമിട്ടു. നേരിട്ട് ഹാജരാകാൻ നിർദേശിച്ച് പലവട്ടം നോട്ടീസുകൾ നൽകി. കുരുക്കു മുറുക്കുന്നുവെന്ന പ്രതീതി ഉണ്ടായതോടെ ഹൈക്കോടതിയെ സമീപിച്ച ഐസക്ക്, വളരെ ക്ലേശിച്ചാണ് അത് ഊരിയെടുത്തത്. പത്തനംതിട്ടയിൽ സ്ഥാനാർത്ഥിയായിരുന്ന ഐസകിനെ തിരഞ്ഞെടുപ്പിന് ശേഷം വിളിപ്പിച്ചാൽ മതിയെന്ന് കോടതി കർശന നിർദേശം നൽകിയതോടെയാണ് ഇ.ഡി. അടങ്ങിയത്.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രധാന ചർച്ചാവിഷയമായി നിറഞ്ഞുനിന്ന നയതന്ത്ര ചാനൽ വഴിനടന്ന സ്വർണകള്ളക്കടത്ത് അന്വേഷണം മുഖ്യമന്ത്രിയുടെ പ്രിൻസിപ്പിൽ സെക്രട്ടറിയായിരുന്ന എം.ശിവശങ്കറിനും കൂട്ടാളി സ്വപ്ന സുരേഷിനുമപ്പുറം പോയില്ല. മുഖ്യമന്ത്രിയുടെ ഓഫീസിലെ മറ്റ് പ്രമുഖരും, മന്ത്രി കെ.ടി.ജലീലും അടക്കമുള്ളവർക്ക് നേരിട്ടും അല്ലാതെയും പ്രതികളുമായി ബന്ധം കണ്ടെത്തി ചോദ്യം ചെയ്യാൻ വിളിപ്പിച്ചെങ്കിലും കൂടുതൽ നടപടികൾ ഒന്നും ഉണ്ടായില്ല.

വടക്കാഞ്ചേരി ലൈഫ് പദ്ധതി കേസിലും ശിവശങ്കർ ജയിലിൽ കിടന്നതൊഴിച്ചാൽ മറ്റൊന്നും ഉണ്ടായില്ല. കരാറുകാരൻ സന്തോഷ് ഈപ്പൻ അടക്കം പ്രതിസ്ഥാനത്ത് വന്നെങ്കിലും സർക്കാരുമായി ബന്ധപ്പെട്ട മറ്റാർക്കും പങ്കില്ലെന്ന നിഗമനം ഉറപ്പിച്ച് 2021ൽ ഫൈനൽ റിപ്പോർട്ട് നൽകി. ഇതിലേക്ക് കമ്മിഷൻ തുകയും തട്ടിയെടുത്ത് വിദേശത്തേക്ക് കടന്ന ഈജിപ്തുകാരനെ കണ്ടെത്താൻ പോലും അന്വേഷണ ഏജൻസി മെനക്കെട്ടില്ല.


ഈ കേസുകളുടെയെല്ലാം അന്വേഷണ ഘട്ടങ്ങളിൽ സൃഷ്ടിക്കുന്ന ഹൈപ്പ് സമാനതകളില്ലാത്തതാണ്. കേന്ദ്ര ഏജൻസികൾ കോടതികളിൽ ഫയൽ ചെയ്യുന്ന റിപ്പോർട്ടുകളും, അൽപാൽപമായി പുറത്തുവിടുന്ന വിവരങ്ങളുമാണ് വാർത്തകളുടെ സോഴ്സ്. ആഞ്ഞുകൊത്തുമെന്ന് തോന്നിക്കുന്ന മട്ടിൽ തിരഞ്ഞെടുപ്പ് കാലത്ത് ചാടിവീഴുന്ന അന്വേഷണ സംഘങ്ങൾ സീസൺ കഴിഞ്ഞാൽ, അതുവരെ പറഞ്ഞതുമായൊന്നും പുലബന്ധമില്ലാത്ത മട്ടിൽ റിപ്പോർട്ട് നൽകി പത്തിമടക്കി മടങ്ങുന്ന കാഴ്ച പലവട്ടമായി കേരളം കാണുന്നു. ശിവശങ്കർ അടക്കം ഉൾപ്പെട്ട സ്വർണക്കടത്ത്, തീവ്രവാദ പരിപാടിക്ക് പണം സ്വരൂപിക്കാനാണെന്ന് പലവട്ടം പറഞ്ഞ് പൊലിപ്പിച്ച എൻഐഎക്ക് പക്ഷെ അത് തെളിയിക്കാൻ ഒന്നുമില്ലാതെ കേസ് അവസാനിപ്പിക്കേണ്ടി വന്നു.

രാജ്യത്തെ ബിജെപി ഇതര പാർട്ടി നേതാക്കൾക്കെതിരെ മറ്റ് സംസ്ഥാനങ്ങളിൽ കേന്ദ്ര ഏജൻസികൾ നടത്തിയ അന്വേഷണങ്ങൾക്ക് ഈ മട്ടിൽ ഹൈപ്പ് ഉണ്ടായിരുന്നില്ല. അരവിന്ദ് കേജ്രിവാൾ, ഹേമന്ദ് സോറൻ തുടങ്ങിയവരുടെ അറസ്റ്റിലാണ് പക്ഷെ കാര്യങ്ങളെത്തി നിന്നത്.

അന്വേഷണ കോലാഹലങ്ങളും സ്വപ്നയുടെ വെളിപ്പെടുത്തലുമെല്ലാം ഒരുവഴിക്ക് നടക്കുമ്പോഴാണ് രണ്ടാം പിണറായി സ‌ർക്കാർ വൻ ഭൂരിപക്ഷത്തിൽ അധികാരത്തിൽ തിരിച്ചെത്തിയത്. മുഖ്യമന്ത്രിയെ അഴിമതിയുടെ പുകമറയിൽ നിർത്താൻ ശ്രമിച്ചവർക്ക് ജനങ്ങൾ കനത്ത തിരിച്ചടിയെന്ന ന്യായീകരണമാണ് ഇടത് മുന്നണിയും സിപിഎമ്മും മുന്നോട്ട് വെച്ചത്. ഈ വിവാദങ്ങൾ ഒട്ടൊന്ന് ശമിച്ച ഘട്ടത്തിലാണ് എക്സാലോജിക് വിവാദം പൊട്ടിപ്പുറപ്പെട്ടത്.

ലോക്സഭാ തിരഞ്ഞെടുപ്പിൽ സുരേഷ് ഗോപിയുടെ തൃശൂരിലെ വിജയവും കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ് മരവിച്ചതുമെല്ലാം സിപിഎം – ബിജെപി ഡീലിൻ്റെ ഭാഗമാണെന്നാണ് പ്രതിപക്ഷത്തിൻ്റെ ആരോപണം. ലാവ്ലിൻ കേസ് ഒരു നടപടിയുമില്ലാതെ സുപ്രീം കോടതിയിൽ കെട്ടിക്കിടക്കുന്നതും ഇത്തരമൊരു ഡീലിൻ്റെ ഭാഗമാണെന്ന വാദം അതുകൊണ്ട് തന്നെ ശക്തമാണ്. വീണ്ടുമൊരു തിരഞ്ഞെടുപ്പ് ആരവം മുഴങ്ങാൻ തുടങ്ങിയയുടൻ കേന്ദ്ര ഏജൻസികൾ കൊട്ടും കുരവയുമായി കേരളത്തിലേക്ക് എത്തുന്നു എന്നതാണ് ഇപ്പോൾ തെളിയുന്ന ചിത്രം.
Previous Post Next Post