ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കെതിരായ ബലാത്സംഗ പരാതി കള്ളം..സർക്കാ‍ർ ഹൈക്കോടതിയിൽ…


മലപ്പുറം മുന്‍ എസ് പി സുജിത് ദാസ് അടക്കമുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള ബലാത്സംഗ പരാതി കള്ളപ്പരാതിയെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. പരാതിക്ക് യാതൊരു അടിസ്ഥനവുമില്ലെന്നും എസ്പി അടക്കമുളളവര്‍ക്കെതിരെ കേസ് എടുക്കാനുള്ള തെളിവില്ലെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ബലാൽസംഗ പരാതി നൽകിയിട്ടും പൊലീസ് കേസെടുക്കുന്നില്ലെന്നാരോപിച്ച് വീട്ടമ്മ നൽകിയ ഹർജിയിലാണ് സർക്കാർ നടപടി. പരാതിക്കാരിയുടെ ഹർജി തളളണമെന്നും സർക്കാർ ആവശ്യപ്പെട്ടു.

സംഭവം നടന്ന സ്ഥലങ്ങൾ, തീയതി എന്നിവയില്ലെല്ലാം പരാതിക്കാരിയുടെ മൊഴികൾ പരസ്പര വിരുദ്ധമാണെന്നും സർക്കാർ ചൂണ്ടിക്കാട്ടുന്നു. ഉദ്യോഗസ്ഥരുടെ സിഡിആർ അടക്കമുളളവ പരിശോധിച്ചു. കേസെടുക്കാനുളള യാതൊരു തെളിവുമില്ല. വ്യാജപ്പരാതിയിൽ കേസെടുത്താൽ ഉദ്യോഗസ്ഥരുടെ മനോവീര്യം തകരുമെന്നും സർക്കാർ ചൂണ്ടിക്കാട്ടുന്നു. മലപ്പുറം എസ്പി ആയിരിക്കെ സുജിത് ദാസും സിഐ വിനോദും ബലാൽസംഗം ചെയ്തുവെന്ന ആരോപണവുമായാണ് വീട്ടമ്മ രം​ഗത്തെത്തിയത്. പരാതി അന്വേഷിച്ച സിഐ ബെന്നിക്കെതിരെയും ആരോപണമുന്നയിച്ചിരുന്നു. കുടുംബ വസ്തുവമായി ബന്ധപ്പെട്ട പരാതിയുമായി പൊലീസിനെ സമീപിച്ചതിന് ശേഷം തന്നെ ബലാത്സംഗം ചെയ്തെന്നാണ് പരാതി.

Previous Post Next Post