താല്‍പര്യമില്ലാത്ത യോഗത്തിലേക്ക് നവീനെ വിളിച്ചുവരുത്തിയത് കളക്ടര്‍…ഗൂഢാലോചന അന്വേഷിക്കണം…കെ പി ഉദയഭാനു…


പത്തനംതിട്ട: എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ കണ്ണൂര്‍ ജില്ലാ കളക്ടര്‍ക്കെതിരെ സിപിഐഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു. ഗൂഢാലോചന നടന്നിട്ടുണ്ടെന്നാണ് അറിയുന്നത്. കളക്ടര്‍ക്കും പങ്കുണ്ടെന്ന് കേള്‍ക്കുന്നു. ഉദ്യോഗസ്ഥര്‍ മാത്രമുള്ള യാത്രയയപ്പില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടിന് കടന്നു ചെല്ലേണ്ട കാര്യമില്ലെന്നും കെ പി ഉദയഭാനു പറഞ്ഞു.

പി പി ദിവ്യയെ ജില്ലാ പ്രസിഡന്റ് സ്ഥാനത്ത് നിന്നും നീക്കിയത് ജനങ്ങള്‍ക്കൊപ്പം നിന്ന് പാര്‍ട്ടിയെടുത്ത തീരുമാനമാണ്. അത് കേരളത്തിലെ ജനങ്ങള്‍ ആഗ്രഹിച്ചിരുന്നു. അന്വേഷണത്തില്‍ ബാഹ്യമായ ഒരു ഇടപെടലും ഉണ്ടാവില്ല. സ്വതന്ത്രമായ അന്വേഷണ ആയിരിക്കും നടക്കുക. ഓരോ നടപടിയും വീട്ടുകാരുടെ അഭിപ്രായം മാനിച്ചുകൊണ്ടാകും. വീട്ടുകാരുടെ താല്‍പര്യം സംരക്ഷിക്കാന്‍ കുടുംബത്തോടൊപ്പം ഉണ്ടാകും എന്ന് ഉദയഭാനു മാധ്യമങ്ങളോട് പ്രതികരിച്ചു.

വിളിക്കാത്തിടത്തേക്ക് പോകേണ്ട കാര്യം പി പി ദിവ്യക്കുണ്ടായിരുന്നില്ല. എവിടെയും കയറി ചെല്ലാമെന്നാണോ. ആരും ക്ഷണിക്കാത്തയിടത്തുപോയി എന്തും പറയാം എന്നാണോ സ്ഥിതി. ഒരോന്നിനും അതിന്റേതായ മാന്യതയും ബഹുമാനവും ഉണ്ട് എന്നും ഉദയഭാനു പറഞ്ഞു.

യാത്രയയപ്പ് യോഗത്തിലേക്ക് നവീന്‍ ബാബുവിനെ വിളിച്ചുവരുത്തിയത് കളക്ടര്‍ ആണെന്ന് മലയാലപ്പുഴ ഏരിയാ കമ്മിറ്റി അംഗം മലയാലപ്പുഴ മോഹനനും പ്രതികരിച്ചു. നവീന് യാത്രയയപ്പ് ചടങ്ങിനോട് താല്‍പര്യം ഉണ്ടായിരുന്നില്ല. നിര്‍ബന്ധപൂര്‍വ്വം കളക്ടര്‍ ചടങ്ങ് സംഘടിപ്പിക്കുകയായിരുന്നു. പി പി ദിവ്യയ്ക്ക് എത്താന്‍ സൗകര്യത്തില്‍ ചടങ്ങിന്റെ സമയം മാറ്റി. വിഷയം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. കളക്ടര്‍ക്കെതിരെ അന്വേഷണം ഉണ്ടാകും എന്നും മോഹനന്‍ പറഞ്ഞു. ഇതിന്റെ ഗൂഢാലോചനയ്ക്ക് പിന്നില്‍ ഒരാള്‍ ഉണ്ടാവുമെന്നും മോഹനന്‍ ആരോപിച്ചു.

Previous Post Next Post