തിരുവനന്തപുരം: വിവാദങ്ങൾക്കിടയിലും ക്രമസമാധാന പാലനത്തിലെ വീഴ്ചകളിൽ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകൾ പരസ്പരം പഴിചാരുമ്പോഴും കേരള പൊലീസിന് കേന്ദ്രം നൽകുന്നത് ഫുൾമാര്‍ക്ക്. പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം 23 കേന്ദ്ര പുരസ്കാരങ്ങളാണ് കേരളാ പൊലീസിനെ തേടിയെത്തിയത്. മുഖ്യമന്ത്രി പിണറായി വിജയൻ നിയമ സഭയിലാണ് പൊലീസിന്‍റെ മികവുകൾക്ക് ലഭിച്ച കേന്ദ്ര നേട്ടങ്ങൾ വ്യക്തമാക്കിയത്.,
സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ ഓൺലൈൻ കുറ്റകൃത്യങ്ങൾ തടയാൻ ഇക്കഴിഞ്ഞ മാസം കിട്ടിയതടക്കം പുരസ്കാരങ്ങളുടെ എണ്ണവും എന്തിനെന്ന വിശദാംശങ്ങളും ചേര്‍ത്ത് വിശദമായ മറുപടിയാണ് മുഖ്യമന്ത്രി സഭയിൽ നൽകിയത്. കൊടകര കുഴൽപ്പണ കേസിൽ അടക്കം കേരളാ പൊലീസിന്‍റെ കഴിവുകേടും വീഴ്ചകളും പ്രതിപക്ഷം സര്‍ക്കാരിനെതിരെ ആയുധമാക്കുമ്പോഴാണ് നിയമസഭയിൽ മുഖ്യമന്ത്രിയുടെ പ്രതിരോധം.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും കേന്ദ്രത്തിനും കേരളാ പൊലീസിനെ കുറിച്ച് മതിപ്പിന് കുറവൊന്നുമില്ലെന്നാണ് കിട്ടിയ പുരസ്കാരങ്ങളുടെ കണക്ക് വ്യക്തമാക്കുന്നത്. സമസ്ത മേഖലകളിലും കേരളാ പൊലീസിന് കേന്ദ്രത്തിൽ നിന്ന് കിട്ടുന്നത് വലിയ അംഗീകാരങ്ങളാണെന്ന് മുഖമന്ത്രി പറഞ്ഞു.