എഡിഎം നവീന്‍ ബാബുവിന്റെ മരണത്തിലേക്ക് നയിച്ച സംഭവങ്ങളില്‍ തുടരന്വേഷണ ചുമതലയില്‍ നിന്ന് കണ്ണൂര്‍ കലക്ടര്‍ അരുണ്‍ കെ.വിജയനെ മാറ്റി. റവന്യൂ വകുപ്പ് മന്ത്രിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ വകുപ്പില്‍ നടക്കുന്ന അന്വേഷണത്തിന്റെ ചുമതല ലാന്‍ഡ് റവന്യു ജോയിന്റ് കമ്മീഷണര്‍ എ ഗീതക്ക് കൈമാറി.സംഭവത്തില്‍ എഡിഎമ്മിന് അനുകൂലമായ പ്രാഥമിക റിപ്പോര്‍ട്ട് കലക്ടര്‍ നല്‍കിയിരുന്നു. എന്നാല്‍ പിന്നാലെ കലക്ടര്‍ക്ക് എതിരെ ആരോപണം വന്നതോടെയാണ് അന്വേഷണ ചുമതലയില്‍ നിന്ന് മാറ്റിയത്.
നവീൻ ബാബുവിന്റെ ആത്മഹത്യയിൽ ഉന്നതതല അന്വേഷണത്തിനുള്ള ഉത്തരവിൽ സംഭവവുമായി ബന്ധപ്പെട്ട് അന്വേഷിക്കേണ്ട ആറു കാര്യങ്ങളെപ്പറ്റി പറയുന്നുണ്ട്. എഡിഎമ്മിൻ്റെ ആത്മഹത്യയിലേക്ക് നയിച്ച കാര്യങ്ങൾ എന്തെല്ലാം, എഡിഎമ്മിനെതിരായ പി.പി ദിവ്യയുടെ ആരോപണങ്ങൾ,ആരോപണങ്ങൾ സാധൂകരിക്കുന്ന തെളിവുകൾ, എൻഒസി നൽകുന്നതുമായ ബന്ധപ്പെട്ട കാര്യങ്ങൾ എന്നിവ അന്വേഷിക്കണം എന്നും ഉത്തരവിൽ പറയുന്നുണ്ട്.
നവീൻ ബാബുവിന്റെ യാത്രയയപ്പ് ചടങ്ങിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി ദിവ്യ അദ്ദേഹത്തിനെതിരെ അഴിമതി ആരോപണം ഉന്നയിച്ചിരുന്നു. പിന്നാലെ പള്ളിക്കുന്നിലെ വീട്ടിൽ നവീൻ ബാബുവിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയാണ് ദിവ്യക്കെതിരെ പോലീസ് കേസെടുത്തിട്ടുള്ളത്. ദിവ്യക്കെതിരെ മനുഷ്യാവകാശ കമ്മിഷനും കേസെടുത്തിരുന്നു.