പൗഡർ ഉപയോഗിച്ചവർക്ക് ക്യാൻസർ..ജോൺസൺ ആൻഡ് ജോൺസൺ നഷ്ടപരിഹാരം നൽകണമെന്ന് കോടതി…


കുട്ടികള്‍ക്ക് വേണ്ടി ടാല്‍കം പൗഡര്‍ നിര്‍മിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ കമ്പനികളിലൊന്നായ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ ഉപയോഗിച്ചതിന്‍റെ ഫലമായി ക്യാന്‍സര്‍ ബാധിച്ചെന്ന പരാതിയിൽ പരാതിക്കാരന് നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ട് കോടതി. 124 കോടി രൂപ നഷ്ടപരിഹാരമായി നല്‍കാനാണ് വിധി. ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ ടാല്‍കം പൗഡര്‍ ഉപയോഗിച്ചതിനെത്തുടര്‍ന്ന് അപൂര്‍വമായ അര്‍ബുദമായ മെസോതെലിയോമ തനിക്ക് ബാധിച്ചുവെന്നായിരുന്നു പരാതിക്കാരന്‍റെ ആരോപണം.

വര്‍ഷങ്ങളായി താന്‍ ഉപയോഗിച്ചിരുന്ന ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സന്‍റെ ബേബി പൗഡര്‍ ശ്വസിച്ചാണ് തനിക്ക് അസുഖം വന്നതെന്ന് പരാതിക്കാരന്‍ കോടതിയെ അറിയിച്ചു. ശരീരത്തിന് ഹാനികരമായ ആസ്ബറ്റോസിന്‍റെ സാന്നിധ്യമാണ് മെസോതെലിയോമ എന്ന അര്‍ബുദത്തിന് കാരണമാകുന്നത്. ശ്വാസകോശത്തിന്‍റെയും മറ്റ് അവയവങ്ങളുടെയും പാളിയെ ബാധിക്കുന്ന തരത്തിലുള്ളതാണ് ഈ അര്‍ബുദം. ആസ്ബറ്റോസ് അടങ്ങിയ ഒരു ഉല്‍പ്പന്നം അറിഞ്ഞുകൊണ്ട് വിറ്റതിന് ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണെ ശിക്ഷിച്ചതില്‍ സന്തോഷമുണ്ടെന്ന് പരാതിക്കാരന്‍റെ അഭിഭാഷകന്‍ പറഞ്ഞു. നഷ്ടപരിഹാരമായി 124 കോടി രൂപ നല്‍കുന്നതിന് പുറമേ കമ്പനിയുടെ മേല്‍ ശിക്ഷാനടപടികള്‍ ചുമത്താനും കോടതി ശുപാര്‍ശ ചെയ്തിട്ടുണ്ട്.അതേസമയം വിധിക്കെതിരെ അപ്പീല്‍ പോകുമെന്ന് കമ്പനി അറിയിച്ചു. തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ സുരക്ഷിതമാണെന്നും ആസ്ബറ്റോസ് അടങ്ങിയിട്ടില്ലെന്നും ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ വ്യക്തമാക്കി.

Previous Post Next Post