ഇതിൽ 10 കേസുകളും കേരളത്തിലെ വിവിധ ജില്ലകളിലെ ഡ്രഗ്സ് വിഭാഗമാണ് രജിസ്റ്റർ ചെയ്തത്. കോഴിക്കോട് നാലും, പാലക്കാട് മൂന്ന്, എറണാകുളം രണ്ട്, തിരുവനന്തപുരത്ത് ഒന്ന് വീതം കേസുകളാണ് വിവിധ കോടതികളിലെത്തിയത്.
കൂടാതെ, ജനകീയാരോഗ്യപ്രവർത്തകൻ ഡോ. കെവി ബാബു പ്രധാനമന്ത്രിയുടെ ഓഫിസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഹരിദ്വാർ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലും ഒരു കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ഡ്രഗ്സ് ആൻഡ് മാജിക് റെമഡീസ് (ഒബ്ജക്ഷനബ്ൾ അഡ്വൈർടൈസ്മെന്റ്) ആക്ട് 1954 സെക്ഷൻ 3(ഡി) പ്രകാരം ചട്ടത്തിലുൾപ്പെടുത്തിയ രോഗങ്ങൾക്ക് മരുന്ന് നിർദേശിച്ചും ഫലസിദ്ധി വാഗ്ദാനംചെയ്തും തെറ്റിദ്ധാരണ ജനിപ്പിക്കുന്ന പരസ്യങ്ങൾ നൽകിയതിനാണ് കേസുകൾ എടുത്തിരിക്കുന്നത്. പതഞ്ജലി ഗ്രൂപ്പിന്റെ നിർമാണ യൂനിറ്റായ ദിവ്യ ഫാർമസി ഉടമകളായ ദിവ്യയോഗ മന്ദിർ ട്രസ്റ്റ് പ്രസിഡന്റ് ബാബ രാംദേവ്, ജനറൽ സെക്രട്ടറി ആചാര്യ ബാലകൃഷ്ണൻ എന്നിവരാണ് പ്രതികൾ.
തെളിയിക്കപ്പെട്ടാൽ ആറു മാസം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടുംകൂടിയോ ലഭിക്കാവുന്ന കുറ്റമാണിത്. രാംദേവും ബാലകൃഷ്ണയും ഇതുവരെ ഹാജരായിട്ടില്ലെങ്കിലും വിവിധ കോടതികളിൽ വിചാരണ നേരിടേണ്ടിരും.
2023 ഒക്ടോബർ മുതലാണ് സംസ്ഥാന ഡ്രഗ്സ് കൺട്രോളറുടെ നിർദേശത്തിൽ പതഞ്ജലിയുടെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്കെതിരെ നടപടി തുടങ്ങിയത്. നിരോധിക്കപ്പെട്ട പരസ്യങ്ങൾ പ്രസിദ്ധീകരിച്ചതിലൂടെ ചട്ടം ലംഘിച്ചതിന് ദിവ്യ ഫാർമസിക്കെതിരെ സംസ്ഥാന ഡ്രഗ്സ് വിഭാഗം ഇതുവരെ 29 എഫ്ഐആറുകൾ സമർപ്പിച്ചിട്ടുണ്ട്.