കൊച്ചി: പമ്പയിൽ കെഎസ്ആർടിസി ബസ് കത്തി നശിച്ച സംഭവത്തിൽ നാലു ജീവനക്കാരെ സസ്പെൻഡ് ചെയ്തു. ഇലക്‌ട്രിക്കൽ വിഭാഗത്തിലെ രണ്ട് ജീവനക്കാരെയും സൂപ്പർ വൈസർ, ഡിപ്പോ എൻജിനീയർ എന്നിവർക്കെതിരെയും അച്ചടക്ക നടപടി സ്വീകരിച്ചതായും കെഎസ്ആർടിസി ഹൈക്കോടതിയെ അറിയിച്ചു.
അപകടകാരണം ഷോർട്ട് സർക‍്യൂട്ടാണെന്ന് കണ്ടെത്തിയിരുന്നു. ബാറ്ററിയിൽ നിന്നുള്ള കേബിളുകൾ കൃത‍്യമായി ഘടിപ്പിച്ചില്ലെന്നും പ്രധാന കേബിളുകൾ ഫ‍്യൂസ് ഇല്ലാതെയാണ് ബന്ധിപ്പിച്ചതെന്നും പരിശോധനയിൽ കണ്ടെത്തിയിരുന്നു. ഇത് ഉദ‍്യോഗസ്ഥരുടെ ഭാഗത്ത് നിന്നുണ്ടായ പിഴവാണെന്നത് കണക്കിലെടുത്താണ് അച്ചടക്ക നടപടിയെന്ന് കെഎസ്ആർടിസി വ‍്യക്തമാക്കി.
നവംബർ 17 നായിരുന്നു പമ്പയിൽ നിന്ന് നിലയ്ക്കലിലേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ബസിനാണ് തീപിടിച്ചത്. ബസ് പൂർണമായും കത്തി നശിച്ചു. ഡ്രൈവറും കണ്ടക്‌ടറും മാത്രമായിരുന്നു ബസിലുണ്ടായിരുന്നത്. ആർക്കും പരുക്കേറ്റിരുന്നില്ല. രാവിലെ അഞ്ചേകാലോടെ അട്ടത്തോട് ഭാഗത്ത് വച്ചാണ് അപകടമുണ്ടായത്. തീർഥാടകരെ കൊണ്ടുവരുന്നതിന് വേണ്ടി പമ്പയിൽ നിന്ന് നിലയ്ക്കലിലേക്ക് പോകുകയായിരുന്നു ബസ്.
ഇതിനിടെ അട്ടത്തോട് ഭാഗത്ത് വച്ച് ബസിന്‍റെ മുൻ ഭാഗത്ത് നിന്നും തീ ഉയരുകയായിരുന്നു. പ്രദേശത്ത് മൊബൈൽ റേഞ്ചിന് പ്രശ്നമുണ്ടായതിനാൽ ഫയർ ഫോഴ്സിനെ വിളിക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെട്ടതായി ജീവനക്കാർ പറഞ്ഞു. പിന്നീട് ഫയർ ഫോഴ്സ് സ്ഥലതെത്തിയെങ്കിലും ബസ് പൂർണമായും കത്തി നശിച്ചിരുന്നു. ബസ് കത്തി നശിച്ചതിൽ 14 ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്ന് കെഎസ്ആർടിസി അധികൃതർ അറിയിച്ചു