ന്യൂഡൽഹി: 2,000 രൂപ നോട്ടുകളില്‍ 98.04 ശതമാനവും ബാങ്കിംഗ് സംവിധാനത്തിലേക്ക് തിരിച്ചു എത്തിയതായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ). ഇനി 6,970 കോടി രൂപ മൂല്യം വരുന്ന നോട്ടുകള്‍ മാത്രമാണ് പൊതു ജനങ്ങളുടെ കൈകളിലുള്ളതെന്നും ആര്‍ബിഐ വ്യക്തമാക്കി.
2023 മേയ് 19നാണ് 2,000 രൂപ നോട്ടുകള്‍ പിന്‍വലിച്ച് ഉത്തരവായത്. അന്ന് രാജ്യത്താകെ 3.56 ലക്ഷം കോടി രൂപ മൂല്യമുള്ള 2000 രൂപ നോട്ടുകളാണ് വിനിമയം ചെയ്തിരുന്നത്. 2024 ഒക്ടോബര്‍ 31 വരെയുള്ള കണക്കുകള്‍ പ്രകാരം ഇത് 6,970 കോടി രൂപയായി കുറഞ്ഞു.
2023 ഒക്ടോബറിൽ 2000 രൂപ നോട്ടുകള്‍ മാറ്റി വാങ്ങാനും നിക്ഷേപിക്കാനുമുള്ള സംവിധാനം എല്ലാ ബാങ്കുകളുടെയും ശാഖകളില്‍ ഉണ്ടായിരുന്നു. റിസര്‍വ് ബാങ്ക് ഓഫീസുകളില്‍ ഇത് മാറ്റാനുള്ള സൗകര്യമുണ്ട്. കൂടാതെ, രാജ്യത്തെ ഏത് പോസ്റ്റ് ഓഫീസ് മുഖേനെയും റിസര്‍വ് ബാങ്കിലേക്ക് ഈ നോട്ടുകള്‍ അയക്കാം. ആര്‍ബിഐ ഇഷ്യൂ ഓഫീസര്‍മാര്‍ അതാത് ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം തിരിച്ചയക്കും.