വളപട്ടണത്ത് വന്‍കവര്‍ച്ച; വ്യാപാരിയുടെ വീട് കുത്തിത്തുറന്ന് 300 പവനും ഒരു കോടി രൂപയും മോഷ്ടിച്ചു




കണ്ണൂര്‍: വളപട്ടണത്ത് വ്യാപാരിയുടെ വീട് കുത്തിത്തുറന്ന് വന്‍കവര്‍ച്ച. ആളില്ലാത്ത സമയത്ത് അരിമൊത്ത വ്യാപാരി കെ പി അഷ്‌റഫിന്റെ വീട്ടില്‍ നിന്ന് 300 പവനും ഒരു കോടി രൂപയും മോഷണം പോയെന്നാണ് പരാതിയില്‍ പറയുന്നത്.

ഇന്നലെ രാത്രിയാണ് വീട്ടുകാര്‍ മോഷണ വിവരം അറിയുന്നത്. മധുരയില്‍ ഒരു സുഹൃത്തിന്റെ വീട്ടില്‍ കല്യാണത്തിന് പോയതാണ്  അഷ്‌റഫും കുടുംബവും. വീട്ടുകാര്‍ ഇല്ലാതിരുന്ന സമയത്താണ് മോഷണം നടന്നത്. കിടപ്പുമുറിയില്‍ സൂക്ഷിച്ചിരുന്ന ലോക്കറില്‍ ഉണ്ടായിരുന്ന പണവും സ്വര്‍ണവുമാണ് കവര്‍ന്നത്. അടുക്കളഭാഗത്തെ ജനലിന്റെ ഗ്രില്‍ മുറിച്ചാണ് മോഷ്ടാക്കള്‍ അകത്തുകടന്നിരിക്കുന്നത്.

കുടുംബം നല്‍കിയ പരാതിയില്‍ വളപട്ടണം പൊലീസ് ഇന്നലെ രാത്രി മുതല്‍ തന്നെ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇന്ന് ഡോഗ് സ്‌ക്വാഡിനെയും വിരലടയാള വിദഗ്ധരെയും വീട്ടിലെത്തിച്ച് അന്വേഷണം ഊര്‍ജ്ജിതമാക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. വീട്ടില്‍ നിന്ന് സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. മോഷ്ടാക്കള്‍ മതില്‍ ചാടി കിടക്കുന്നത് ഇതില്‍ പതിഞ്ഞിട്ടുണ്ട്. എന്നാല്‍ മുഖം വ്യക്തമല്ല എന്നാണ് വിവരം. ഇത് കേന്ദ്രീകരിച്ച് അന്വേഷണം ഊര്‍ജ്ജിതമാക്കാനുള്ള ശ്രമത്തിലാണ് പൊലീസ്.

Previous Post Next Post