കുന്നംകുളത്ത് നഗരസഭയിലെ പത്താം വാർഡിൽ ഫീൽഡ് നഗറിൽ കടന്നൽ ആക്രമണത്തിൽ അഞ്ചുപേർക്ക് പരിക്ക്. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. ഫീൽഡ് നഗർ സ്വദേശികളായ റോയ്, സുമൻ രാജ്, ധർമ്മപാലൻ ഉൾപ്പെടെ 5 പേർക്കാണ് കടന്നൽ കുത്തേറ്റത്. കടന്നലിൻ്റെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ റോയിയെ കുന്നംകുളം മലങ്കര ആശുപത്രിയിലെ അത്യഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു.
തിങ്കളാഴ്ച രാവിലെ 11 മണിയോടെയാണ് റോഡിലൂടെ നടന്നു വരികയായിരുന്ന റോയിയെ കടന്നലുകൾ ആക്രമിച്ചത്. റോഡിനു സമീപത്തെ സ്വകാര്യ വ്യക്തിയുടെ പറമ്പിലെ തെങ്ങിലാണ് കൂറ്റൻ കടന്നൽകൂട് ഉള്ളത്. ആക്രമണത്തിനിടെ ഓടി വീട്ടിൽ കയറിയെങ്കിലും കടന്നലുകൾ പുറകെ കൂട്ടമായെത്തി വീണ്ടും റോയിയെ ആക്രമിക്കുകയായിരുന്നു. മറ്റുള്ളവരെ കടന്നൽ ആക്രമിച്ചത് ഇന്ന് രാവിലെയാണ്.
വാർഡ് കൗൺസിലർമാരായ ബിനാരവി, സന്ദീപ് ചന്ദ്രൻ എന്നിവർ കുന്നംകുളം അഗ്നി രക്ഷാസേനയെ വിവരമറിയിച്ചതിനെ തുടർന്ന് സിവിൽ ഡിഫൻസ് അംഗവും പാമ്പ് സംരക്ഷകനുമായ രാജൻ പെരുമ്പിലാവ് സ്ഥലത്തെത്തി പരിശോധന നടത്തി. ഇന്ന് വൈകിട്ടോടെ ഭീമൻ കടന്നൽകൂട് നീക്കം ചെയ്യാനാകുമെന്ന് രാജൻ പറഞ്ഞു.