ഓട്ടോറിക്ഷ ഡ്രൈവറിൽ നിന്നും വാഹന പരിശോധനയിൽ പൊലീസ് പിടിച്ചത് 81 ഗ്രാം എംഡിഎംഎ



കൊല്ലം: അഞ്ചലിൽ 81 ഗ്രാം എംഡിഎംഎയുമായി രണ്ടുപേർ പിടിയിലായി. കോൺഗ്രസ് പ്രദേശിക നേതാവും ഓട്ടോ റിക്ഷാ ഡ്രൈവറുമായ കോട്ടവിള ഷിജു, സുഹൃത്ത് ഏറം സ്വദേശി സാജൻ എന്നിവരാണ് പിടിയിലായത്. കൊല്ലം റൂറൽ പൊലീസ് ഡാൻസാഫ് സംഘമാണ് പ്രതികളെ പിടികൂടിയത്. രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഓട്ടോറിക്ഷയിൽ കടത്തിയ മാരക രാസലഹരി പിടികൂടിയത്. പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി.
ഇന്ന് ഉച്ചയ്ക്ക് ഷിജുവിൻ്റെ ഓട്ടോറിക്ഷയിൽ നിന്ന് നാല് ഗ്രാം എംഡിഎംഎ കണ്ടെടുത്തിരുന്നു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് സാജൻറെ വീട്ടിൽ എംഡിഎംഎ ഒളിപ്പിച്ചിട്ടുണ്ടെന്ന് വിവിരം ഷിജു വെളിപ്പെടുത്തിയത്. വൈകിട്ടോടെ സാജന്‍റെ വീട്ടിൽ നിന്ന് 77 ഗ്രാം എംഡിഎംഎ കൂടി പിടിച്ചെടുത്തു. വിൽപനയ്ക്കായി പ്രതികൾക്ക് എംഡിഎംഎ എത്തിച്ചു നൽകിയ കൂട്ടാളിക്ക് വേണ്ടിയും പൊലീസ് അന്വേഷണം തുടങ്ങി. കോൺഗ്രസ് ബൂത്ത് പ്രസിഡൻ്റായിരുന്നു കോട്ടവിള ഷിജു. എന്നാൽ നിലവിൽ ഇയാൾക്ക് ചുമതലകൾ ഒന്നും ഇല്ലെന്നാണ് കോൺഗ്രസിൻ്റെ വിശദീകരണം.

Previous Post Next Post