സംസ്ഥാനത്ത് വാഹനങ്ങളില്‍ വ്യാജ നമ്പര്‍ പ്ലേറ്റ് ഘടിപ്പിക്കുന്നത് വ്യാപകമാകുന്നു ; നികുതി വെട്ടിപ്പിനു മുതല്‍ ലഹരി മരുന്ന് കടത്തിനുവരെ വ്യാജ നമ്പര്‍ പ്ലേറ്റുകള്‍ ഘടിപ്പിക്കുന്നത് വ്യാപകം


അടുത്തിടെ മുഴുവന്‍ പോലീസ് സ്റ്റേഷന്‍ പരിധികളിലും ഒരുദിവസം നടത്തിയ പരിശോധനയില്‍ (കോമ്പിങ്) ഇത്തരം നൂറുകണക്കിനു വാഹനങ്ങള്‍ കണ്ടെത്തിയതോടെ പോലീസുതന്നെ ഞെട്ടി. രജിസ്‌ട്രേഷന്‍ നമ്പര്‍ പതിക്കാത്ത വാഹനങ്ങള്‍, കള്ള നമ്പറുകള്‍ പതിച്ചവ, തെറ്റായി പ്രദര്‍ശിപ്പിക്കുന്നവ, നമ്പര്‍ കാണാന്‍ പറ്റാത്തവിധം എഴുതിയവ തുടങ്ങി ഒട്ടേറെ കുറ്റകൃത്യങ്ങളാണ് കണ്ടെത്തിയത്.

തമിഴ്നാട് അതിര്‍ത്തിയിലുള്ള പ്രദേശങ്ങളില്‍ ഇത്തരം വാഹനങ്ങള്‍ ഉപയോഗിച്ച് നികുതിവെട്ടിച്ച് ചരക്ക് കടത്തുന്നതായും കണ്ടെത്തിയിട്ടുണ്ട്. കേരളത്തിലെത്തി 30-40 കിലോമീറ്റര്‍ പരിധിയില്‍നിന്ന് ആക്രിസാധനങ്ങളും മറ്റും ശേഖരിച്ച് മടങ്ങുന്നതായ വിവരമാണ് ലഭിച്ചത്. മോട്ടോര്‍ വാഹന വകുപ്പിന്റെ എ.ഐ.ക്യാമറയില്‍ പതിയുന്ന ദൃശ്യങ്ങളില്‍നിന്നുതന്നെ വ്യാജ നമ്പര്‍ പ്ലേറ്റ് ഘടിപ്പിക്കുന്നത് വ്യാപകമാണെന്ന് വ്യക്തമായിരുന്നു. നിയമലംഘനം കണ്ടെത്തിയിട്ടുണ്ടെന്നും പിഴ അടയ്ക്കണമെന്നുമുള്ള അറിയിപ്പ് തപാലില്‍ വരുമ്പോഴാണ്, തങ്ങളുടെ വാഹനത്തിന് വ്യാജന്മാരുണ്ടെന്ന വിവരം പലരും അറിയുന്നത്. ഇതുസംബന്ധിച്ച് മോട്ടോര്‍ വാഹന വകുപ്പിന് ഒട്ടേറെ പരാതികള്‍ ലഭിച്ചിട്ടുമുണ്ട്. വകുപ്പിന്റെ ക്യാമറകളില്‍ ഒരുമാസം 150-ലേറെ വ്യാജ നമ്പര്‍ വാഹനങ്ങള്‍ പതിയുന്നുണ്ടെന്നാണ് വിവരം. പരാതിയുമായി എത്താത്ത കേസുകള്‍കൂടിയാകുമ്പോള്‍ വ്യാജന്മാരുടെ എണ്ണം ഇതിലും കൂടും. നോട്ടീസ് ലഭിച്ചത് നിരപരാധികള്‍ക്കാണെന്നു ബോധ്യപ്പെടുമ്പോള്‍ നടപടികളില്‍നിന്ന് ഒഴിവാക്കുന്നതല്ലാതെ വ്യാജന്മാരെ കണ്ടെത്താന്‍ മോട്ടോര്‍ വാഹന വകുപ്പിനും പോലീസിനും സാധിക്കുന്നില്ല.

ലഹരികടത്ത് അടക്കമുള്ള നിയമവിരുദ്ധ പ്രവൃത്തികള്‍ക്കും ക്വട്ടേഷന്‍ അക്രമങ്ങള്‍ക്കുമാണ് വ്യാജ നമ്പര്‍ പ്ലേറ്റ് വാഹനങ്ങളില്‍ ഘടിപ്പിക്കുന്നത്. പരാതി വ്യാപകമായപ്പോഴാണ് ഡി.ജി.പി.യുടെ നിര്‍ദേശപ്രകാരം കോമ്പിങ് നടത്തിയത്. ഇത്രയേറെ വ്യാജവാഹനങ്ങള്‍ കണ്ടെത്തിയ സാഹചര്യത്തില്‍ സംസ്ഥാന വ്യാപകമായ തുടര്‍ പരിശോധന നടത്തുമെന്നാണ് വിവരം.
Previous Post Next Post