സൂരജ് പാലാക്കാരൻ പോലീസ് കസ്റ്റഡിയില്‍. ട്രൂ ടിവിയുടെ പാലാരിവട്ടത്തുള്ള ഓഫീസിലും സൂരജ് താമസിക്കുന്ന വീട്ടിലും റെയ്ഡ് നടന്നു. സൂരജ് പാലാക്കാരൻ വീഡിയോകള്‍ നിർമ്മിക്കുന്ന പാലാരിവട്ടത്തെ ഓഫീസിലാണ് റെയ്ഡ്. റെയ്ഡിനു മുന്നോടിയായി തന്നെ അദ്ദേഹത്തെ കസ്റ്റഡിയില്‍ എടുത്തിരുന്നു.
കഴിഞ്ഞ ദിവസങ്ങളില്‍ വ്യവസായിയായ ആർ പ്രേംകുമാറിനെതിരെ നിരവധി വാർത്തകള്‍ ചെയ്യുകയും ആരോപണം ഉന്നയിക്കുകയും ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണറുടെ ഓഫീസില്‍ സൂരജ് പാലാക്കാരനെതിരേ പരാതി ലഭിച്ചിരുന്നു. പോലീസ് പല തവണ ഹാജരാകാൻ ആവശ്യപ്പെട്ടിട്ടും അത് അവഗണിച്ച് വീണ്ടും വീഡിയോകള്‍ ചെയ്യുകയായിരുന്നു.
ഇതിനിടെ ഭീഷണിപ്പെടുത്തുകയും മറ്റും ചെയ്തു എന്ന് കാണിച്ച് സൂരജ് പാലാക്കാരനെതിരെ 5 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഭരത് ലജന മള്‍ട്ടി-സ്റ്റേറ്റ് ഹൗസിംഗ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി വക്കീല്‍ നോട്ടീസ് അയച്ചു. ഭരത് ലജന മള്‍ട്ടി-സ്റ്റേറ്റ് ഹൗസിംഗ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്കെതിരേയും ചെയർമാൻ പ്രേംകുമാറിനെതിരെയും അപവാദ പ്രചരണം നടത്തിയതിനാണ് നിയമ നടപടി. പാലക്കാട് തിരഞ്ഞെടുപ്പിന് ഹോട്ടലില്‍ ഭരത് ലജന മള്‍ട്ടി-സ്റ്റേറ്റ് ഹൗസിംഗ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ചെയർമാൻ പണം എത്തിച്ചു എന്ന പ്രചാരണം നടത്തി വീഡിയോകള്‍ യൂട്യൂബിലും ഫേസ്ബുക്കിലും പ്രചരിപ്പിച്ചു എന്നതാണ് നോട്ടീസിന് ആധാരമായ കാരണം. കേരള ഹൈക്കോടതി അഭിഭാഷകനായ അഡ്വ രവികൃഷ്ണൻ ആണ് നോട്ടീസ് അയച്ചിരിക്കുന്നത്.