ഏത് പനിയും പകർച്ചപ്പനിയാകാം; പനിക്ക് സ്വയം ചികിത്സ തേടരുതെന്ന് ആരോഗ്യമന്ത്രി


ഏത് പനിയും പകർച്ചപ്പനിയാകാൻ സാധ്യതയുള്ളതിനാൽ പനിക്ക് സ്വയം ചികിത്സ തേടരുതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. സംസ്ഥാനത്ത് ഇടവിട്ടുള്ള മഴ തുടരുന്ന സാഹചര്യത്തിൽ ഡെങ്കിപ്പനി, എലിപ്പനി എന്നിവയ്ക്കെതിരെ ജാഗ്രത പാലിക്കണം. പ്രാരംഭ ഘട്ടത്തിൽ ചികിത്സിക്കാത്തത് കൊണ്ടാണ് എലിപ്പനി മരണങ്ങൾ പലപ്പോഴും ഉണ്ടാകുന്നത്.

എലിപ്പനി സാധ്യതയുള്ളവർക്ക് പ്രോട്ടോകോൾ അനുസരിച്ചുള്ള ചികിത്സ സർക്കാർ, സ്വകാര്യ ആശുപത്രികൾ ഉറപ്പാക്കണം. മലിന ജലത്തിലിറങ്ങിയവരിൽ ഡോക്സിസൈക്ലിൻ കഴിക്കാത്തവരിൽ മരണനിരക്ക് കൂടുതലാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. അതിനാൽ മലിന ജലത്തിലിറങ്ങിയവർ നിർബന്ധമായും ആരോഗ്യ പ്രവർത്തകരുടെ നിർദേശാനുസരണം എലിപ്പനി പ്രതിരോധ ഗുളിക കഴിക്കണം.

കൈകാലുകളിൽ മുറിവുകളുള്ളവർ മലിനജലവുമായി സമ്പർക്കം വരാതെ നോക്കുകയോ, വ്യക്തിഗത സുരക്ഷാ മാർഗങ്ങൾ സ്വീകരിക്കുകയോ ചെയ്യണം. കൊതുകിന്റെ ഉറവിട നശീകരണം പ്രത്യേകം ശ്രദ്ധിക്കാനും മന്ത്രി നിർദേശം നൽകി.

എലിപ്പനി, ഡെങ്കിപ്പനി തുടങ്ങിയ പകർച്ചവ്യാധികൾ കൊണ്ടുള്ള മരണങ്ങൾ തദ്ദേശ സ്ഥാപന തലത്തിൽ അടുത്ത രണ്ടാഴ്ച വിലയിരുത്താൻ മന്ത്രി നിർദേശം നൽകി. പബ്ലിക് ഹെൽത്ത് ആക്ടിന്റെ അടിസ്ഥാനത്തിൽ പ്രാദേശികമായി അത് ചർച്ച ചെയ്ത് വിലയിരുത്തി തുടർ നടപടി സ്വീകരിക്കണം. ഗവേഷണ അടിസ്ഥാനത്തിൽ പഠനം നടത്താനായി ഒരു കമ്മിറ്റി രൂപീകരിക്കും.
Previous Post Next Post