ഉദ്ഘാടന തീയതി വൈകാതെ പ്രഖ്യാപിക്കും. മധ്യകേരളത്തിന് ലോകോത്തര ഷോപ്പിങ് അനുഭവം സമ്മാനിക്കുകയെന്ന ലക്ഷ്യത്തോടെ, രണ്ടുനിലകളിലായി 3.22 ലക്ഷം ചതുരശ്ര അടിയിലാണ് കോട്ടയം ലുലുമാള്‍ ഉയരുന്നത്.
നിലവില്‍ കൊച്ചി, തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട് എന്നിവിടങ്ങളിലാണ് കേരളത്തില്‍ ലുലുമാളുകളുള്ളത്. തൃശൂരിലെ തൃപ്രയാറില്‍ ലുലു ഗ്രൂപ്പിന്റെ വൈമാളും പ്രവർത്തിക്കുന്നു. പുറമേ എറണാകുളം കുണ്ടന്നൂരിലെ ഫോറം മാളില്‍ ലുലു ഹൈപ്പർമാർക്കറ്റുമുണ്ട്.
പാലക്കാട്, കോഴിക്കോട് എന്നിവയ്ക്ക് സമാനമായ മിനി ലുലുമാളാണ് കോട്ടയത്തേതും. ലുലു ഹൈപ്പർമാർക്കറ്റ്, ലുലു ഫാഷൻ സ്റ്റോർ, ലുലു കണക്റ്റ് എന്നിവയ്ക്കാണ് മുഖ്യ ഊന്നല്‍
ഒപ്പം ലോകോത്തര ബ്രാൻഡുകളുടെ സാന്നിധ്യവും വിനോദത്തിന്റെയും ഭക്ഷണവൈവിധ്യത്തിന്റെയും ശ്രദ്ധേയ ആകർഷണങ്ങളുമുണ്ടാകും. കോട്ടയം ലുലുമാളില്‍ ബ്യൂട്ടി ആൻഡ് വെല്‍നസ്, വിനോദം, കഫേ ആൻഡ് റെസ്റ്ററന്റ്, മെൻസ് ഫാഷൻ, ജ്വല്ലറി തുടങ്ങിയ മേഖലകളിലെ ആഭ്യന്തര, രാജ്യാന്തര ബ്രാൻഡുകളാണ് അണിനിരക്കുക.
മക്ഡോണള്‍സ്, കോസ്റ്റ കോഫീ, കെഎഫ്സി, അമുല്‍, ലൂയി ഫിലിപ്പ്, ആരോ, നോർത്ത് എക്സ്പ്രസ്, മമാ എർത്ത്, ദ് പള്‍പ് ഫാക്ടറി, ബെല്‍ജിയൻ വാഫ്ള്‍, ജോക്കി, വൗ മോമോ, അല്‍-ബെയ്ക്, അന്നഃപൂർണ, സ്വ ഡയമണ്ട്സ് തുടങ്ങിയവ അതിലുള്‍പ്പെടുന്നു.
കുട്ടികളുടെ വിനോദത്തിനായി ഫണ്‍ട്യൂറയുമുണ്ടാകും. 500 പേർക്ക് ഒരേസമയം ഇരിക്കാവുന്നതാണ് ഫുഡ് കോർട്ട്. മള്‍ട്ടി-ലെവല്‍ പാർക്കിങ് സൗകര്യത്തില്‍ ഒരേസമയം 1000 വാഹനങ്ങള്‍ പാർക്ക് ചെയ്യാം.
കോട്ടയം ലുലുമാളിന്റെ സൗകര്യങ്ങളും ക്രമീകരണങ്ങളും അടുത്തിടെ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി നേരിട്ടെത്തി വിലയിരുത്തിയിരുന്നു.
കോട്ടയത്തിന് പിന്നാലെ തിരൂർ, പെരിന്തല്‍മണ്ണ, കൊല്ലത്തെ കൊട്ടിയം എന്നിവിടങ്ങളിലും അടുത്തവർഷത്തോടെ മിനി ലുലുമാളുകള്‍ തുറക്കും. തൃശൂരിലെ ഹൈ-ലൈറ്റ് മാളില്‍ ഹൈപ്പർമാർക്കറ്റ് ആരംഭിക്കുന്നതും പരിഗണിക്കുന്നു.