ഡിഎൻഎ ടെസ്റ്റിംഗ് കമ്പനി അപ്രത്യക്ഷമായി; ഉപഭോക്താക്കളുടെ ബയോമെട്രിക്സ് ഉൾപ്പെടെയുള്ള…




ഡിഎൻഎ ടെസ്റ്റിംഗ് കമ്പനി അപ്രത്യക്ഷമായി. ഉപഭോക്താക്കളുടെ ബയോമെട്രിക്സ് ഉൾപ്പെടെയുള്ള ഡാറ്റകൾ കൈവശമുള്ള കമ്പനി ഇപ്പോൾ പ്രവർത്തന രഹിതമായിരിക്കുകയാണ്. ലണ്ടനിൽ പ്രവർത്തിക്കുന്ന റഷ്യൻ ബന്ധമുള്ള അറ്റ്ലസ് ബയോമെഡ് എന്ന സ്ഥാപനം ഡാറ്റയുമായി മുങ്ങിയെന്നാണ് പരാതി. ജനിതക ഘടന, ചില രോഗങ്ങൾ വരാതിരിക്കാനുള്ള മുൻകരുതലുകൾ എന്നിവയെ കുറിച്ച് ഡിഎൻഎ പരിശോധിച്ച് വിവരം നൽകുന്ന കമ്പനിയാണിത്.

ബയോമെട്രിക്‌സ് ഉൾപ്പെടെയുള്ള തങ്ങളുടെ ഡാറ്റ കമ്പനിയുടെ കൈയിലുള്ളതിനാൽ ഉപഭോക്താക്കൾ ആശങ്കയിലാണ്. കമ്പനി പൊടുന്നനെ അപ്രത്യക്ഷമായതിനെ കുറിച്ച് പരാതി ലഭിച്ചതായി വിവരാവകാശ കമ്മീഷണറുടെ ഓഫീസ് (ഐസിഒ) സ്ഥിരീകരിച്ചു. സ്വകാര്യ വിവരങ്ങൾ കമ്പനികൾ സുരക്ഷിതമായും ഉത്തരവാദിത്വത്തോടെയും കൈകാര്യം ചെയ്യുമെന്ന് പ്രതീക്ഷിക്കാൻ ആളുകൾക്ക് അവകാശമുണ്ടെന്ന് വിവരാവകാശ കമ്മീഷണർ പ്രതികരിച്ചു.

അറ്റ്‌ലസ് ബയോമെഡിന്‍റെ വെബ്‌സൈറ്റും ഇ-മെയിൽ ഐഡിയും ഇപ്പോൾ പ്രവർത്തന രഹിതമാണ്. ഉപഭോക്താക്കളുടെ കയ്യിലുള്ള കമ്പനിയുടെ ഫോണ്‍ നമ്പറിൽ വിളിച്ചിട്ടും കിട്ടുന്നില്ല. ഇൻസ്റ്റഗ്രാം പേജിൽ 2022 മാർച്ചിലാണ് അവസാനമായി പോസ്റ്റ് ചെയ്തിരിക്കുന്നത്. കഴിഞ്ഞ വർഷം സാമ്പിൾ കൊടുത്തിട്ട് ഇതുവരെ ഒരു വിവരവുമില്ലെന്ന് പോസ്റ്റിന് താഴെ ചിലർ പ്രതികരിച്ചു. എസെക്സ് സ്വദേശിയായ ലിസ ടോപ്പിംഗ് പറയുന്നത് ജനിതക റിപ്പോർട്ടിനായി താൻ ഉമിനീർ സാമ്പിൾ കമ്പനിക്ക് അയച്ചുവെന്നാണ്. 130 ഡോളർ ഫീസായി നൽകി. ഡിഎൻഎ റിപ്പോർട്ടും ചില രോഗങ്ങളെ കുറിച്ചുള്ള മുന്നറിയിപ്പുകളും ലഭിച്ചെങ്കിലും റിപ്പോർട്ട് ഓണ്‍ലൈനിൽ ലഭ്യമല്ലെന്നാണ് യുവതി പറയുന്നത്.

കമ്പനിയുടെ രജിസ്‌ട്രേഡ് ഓഫീസ് ലണ്ടനിലെ സിലിക്കൺ റൗണ്ട്എബൗട്ടിന് സമീപമാണ്. ഇത് ടെക് സ്ഥാപനങ്ങളുടെ കേന്ദ്രമാണ്. കമ്പനി അപ്രത്യക്ഷമായതിന് പിന്നാലെയാണ് റഷ്യയുമായുള്ള ബന്ധം ഉയർന്നുവന്നത്. എട്ട് ഓഫീസർമാരിൽ നാല് പേർ രാജിവച്ചു. ബാക്കിയുള്ള നാല് പേരിൽ രണ്ട് ഓഫീസർമാരുടെ വിലാസം മോസ്കോയിലേതാണ്. അറ്റ്ലസ് ബയോമെഡിന്‍റെ ഡാറ്റാബേസിന് എന്തു സംഭവിച്ചെന്ന് വ്യക്തമല്ല. അതേസമയം ഡാറ്റ ദുരുപയോഗം ചെയ്തതായി ഇതുവരെ തെളിവുകളൊന്നും ലഭിച്ചിട്ടുമില്ല.
Previous Post Next Post