യുഎസ് തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്തില്ലന്ന് ആരോപിച്ച് പ്രതിശ്രുത വരനുമായുള്ള വിവാഹനിശ്ചയം ഒഴിവാക്കി എന്ന വെളിപ്പെടുത്തലുമായി യുവതി. ഒരു റെഡ്ഡിറ്റ് പോസ്റ്റിലൂടെയാണ് ഫ്ലോറിഡ സ്വദേശിയായ യുവതി ഇത്തരത്തിൽ ഒരു വെളിപ്പെടുത്തൽ നടത്തിയത്. സ്ഥാനാർത്ഥികളിൽ ആരെയും ഇഷ്ടപ്പെടാത്തതിനാൽ തന്‍റെ പ്രതിശ്രുത വരൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ വിസമ്മതിച്ചുവെന്നാണ് യുവതിയുടെ പരാതി. ഭാവി വരന്‍റെ ഈ പ്രവർത്തിയെ താൻ ആശങ്കയോടെയാണ് കാണുന്നതെന്നും അതിനാൽ ഇതു പോലെയുള്ള ആളുമായി വിവാഹബന്ധം മുന്നോട്ടുകൊണ്ട് പോവാൻ ആഗ്രഹിക്കുന്നില്ലന്നും യുവതി സമൂഹ മാധ്യമ കുറിപ്പില്‍ പറഞ്ഞു.
യുവതിയുടെ കുറിപ്പ് വളരെ വേഗത്തിൽ സമൂഹ മാധ്യമങ്ങളില്‍ ചർച്ചയായി. സമൂഹ മാധ്യമ ഉപയോക്താക്കളുടെ ഭാഗത്ത് നിന്നും സമ്മിശ്ര പ്രതികരണമാണ് യുവതിക്ക് ലഭിച്ചത്. നിങ്ങൾക്ക് ന്യായം എന്ന് തോന്നുന്ന ഏത് കാര്യത്തിന്‍റെ അടിസ്ഥാനത്തിലും ഒരു ബന്ധത്തിൽ നിന്നും പിന്മാറാൻ നിങ്ങൾക്ക് അവകാശമുണ്ട് എന്നായിരുന്നു ചിലർ കുറിച്ചത്. എന്നാൽ, രാഷ്ട്രീയ ആശയങ്ങളും വ്യക്തി ജീവിതവുമായി കൂട്ടിക്കുഴയ്ക്കരുതെന്നും ഓരോരുത്തർക്കും അവരവരുടെ തീരുമാനങ്ങളിൽ ഉറച്ച് നിൽക്കാനുള്ള അവകാശം ഉണ്ടെന്നും മറ്റ് ചിലർ കുറിച്ചു.