ശബരിമല മേൽശാന്തി സമാജം എന്ന പേരിൽ വിദേശങ്ങളിലടക്കം കോടികളുടെ അനധികൃത പിരിവ് !!



മേൽശാന്തി സമാജത്തിന് കാലടിയിൽ ആസ്ഥാനമന്ദിരം നിർമിക്കാൻ എന്ന പേരിലാണ് മലേഷ്യ അടക്കം വിദേശ രാജ്യങ്ങളിലെ അയ്യപ്പ ഭക്തരിൽനിന്നും കോടികൾ സംഭാവന പിരിക്കുന്നത്. ആലുവ സ്വദേശി കെ അയ്യപ്പദാസാണ് അഖില ഭാരതീയ അയ്യപ്പ ധർമ പ്രചാരസഭ എന്ന പേരിൽ ട്രസ്റ്റ് രൂപീകരിച്ച് കോടികൾ പിരിക്കുന്നത്. 2006-ൽ പുണ്യദർശനം മാസികയുടെ ചീഫ് എഡിറ്ററായ മധു മണിമലയുടെ ആഭിമുഖ്യത്തിൽ തുടങ്ങിയ അഖില ഭാരതീയ അയ്യപ്പധർമ്മ പ്രചാര സഭ എന്ന സംഘടനയുടെ അതേ പേരും ലോഗോയും വ്യാജമായി ഉണ്ടാക്കി ഉപയോഗിച്ചാണ് 2010- ഡിസംബർ 14 - ന് അയ്യപ്പദാസ് തമിഴ്നാട്ടിലെ തഞ്ചാവൂർ കേന്ദ്രമാക്കി സ്വകാര്യ ട്രസ്റ്റ് ഉണ്ടാക്കിയത്. ഇതിനോടകം 100 കോടിക്കുമേൽ പണം ഈ ട്രസ്റ്റിൻ്റെ പേരുപയോഗിച്ച് തട്ടിയെടുത്തുവെന്നാണ് ആരോപണം.

ശബരിമല തീർത്ഥാടനകാലം ആരംഭിച്ചതോടെ തട്ടിപ്പിന്റെ വ്യാപ്തി കൂടി. സംഭവത്തിൽ തട്ടിപ്പിന് ഇരയായ അന്യസംസ്ഥാനത്തെ ഒരു ഗുരുസ്വാമി ദേവസ്വം വിജിലൻസിന് പരാതി നൽകി.

അയ്യപ്പദാസിന്റെ നേതൃത്വത്തിൽ നാറാണംതോട് കേന്ദ്രീകരിച്ച് പുതിയ അയ്യപ്പ ക്ഷേത്രം നിർമിക്കാനും നീക്കമുണ്ട്. സാമ്പത്തിക ക്രമക്കേടിനെ തുടർന്ന് നേരത്തെ എൽഐസി ഡവലപ്പ്മെന്റ് ഓഫീസർ സ്ഥാനത്തുനിന്നും ഇയാളെ പിരിച്ചുവിട്ടിരുന്നു. തഞ്ചാവൂരിൽ റോട്ടറി ക്ലബ് ഭാരവാഹിയായിരിക്കെ കെട്ടിട നിർമാണവുമായി ബന്ധപ്പെട്ട് സാമ്പത്തിക തട്ടിപ്പ് നടത്തിയതിന് പിടിയിലായിട്ടുണ്ട്. അന്ന് അയ്യപ്പ ദാസിന്റെ അച്ഛൻ പതിമൂന്നര ലക്ഷം രൂപ നൽകിയാണ് മോചിപ്പിച്ചത്. അയ്യപ്പദാസും അച്ഛനും മകനും അമ്മാവനും അളിയനും അനിയനും മാത്രം അടങ്ങുന്നതാണ് ഈ ട്രസ്റ്റ്. ശബരിമലയിൽ മേൽശാന്തിമാരായി പ്രവർത്തിച്ച, ഇന്നു ജീവിച്ചിരിക്കുന്ന എല്ലാവരേയും ചേർത്താണ് അടുത്തിടെ ശബരിമല മേൽശാന്തി സമാജം എന്ന പേരിൽ സംഘടന രൂപീകരിച്ചത്. ശബരിമലയിലെ മുൻ മേൽശാന്തിമാരായ എഴിക്കോട് ശശി നമ്പൂതിരി, ദാമോദരൻ പോറ്റി, റെജികുമാർ നമ്പൂതിരി എന്നിവരെയാണ് ഭാരവാഹികളാക്കിയത്. ഇവരെ മുൻനിർത്തിയാണ് അനധികൃതമായി കോടികൾ പിരിക്കുന്നത്‌. മേൽശാന്തി സമാജത്തിന് കാലടിയിൽ സ്ഥലം വാങ്ങി കെട്ടിടം നിർമ്മിക്കാനെന്ന പേരിലാണ് ധനാഢ്യരായ അയ്യപ്പഭക്തരിൽ നിന്നും വൻതുകകൾ തട്ടിയെടുക്കുന്നത്.

സാമ്പത്തിക തട്ടിപ്പിനിരയായ ഒരു ഗുരുസ്വാമി ദേവസ്വം വിജിലൻസിനു സംസ്ഥാന വിജിലൻസിനും പരാതി നൽകിയിട്ടുണ്ട്. അന്യ സംസ്ഥാനത്തുള്ള ഒരു മുതിർന്ന അയ്യപ്പഭക്തനും പരാതി നൽകിയിട്ടുണ്ട്. പരാതി ലഭിച്ചതോടെ ദേവസ്വം വിജിലൻസ് സമഗ്ര അന്വേഷണത്തിന് തയ്യറെടുക്കുന്നു എന്നാണ് സൂചന. ചില മുൻ മേൽശാന്തിമാർ സ്വന്തം കാര്യലാഭത്തിനായും മാർക്കറ്റിങ്ങിനായും ശബരിമല മേൽശാന്തി എന്ന പദവി ദുരുപയോഗം ചെയ്യുന്നതായും ദേവസ്വം വിജിലൻസ് കണ്ടെത്തിയിട്ടുണ്ട്. ഇതിലും ഉടൻ അന്വേഷണം ഉണ്ടാകും.

ശബരിമല മേൽശാന്തിസമാജം വന്നാൽ അതിനുപിന്നാലെ കീഴ്ശാന്തി സമാജവും, മാളികപ്പുറം മേൽശാന്തി സമാജവും, പമ്പാ മേൽശാന്തി സമാജവും ഒക്കെ ഉണ്ടായേക്കാം എന്ന ചർച്ചയും ഉയർന്നിട്ടുണ്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടിയും പരാതി ലഭിച്ചിട്ടുണ്ട്. ബന്ധപ്പെട്ടവർ ഇതേക്കുറിച്ച് സമഗ്ര അന്വേഷണങ്ങൾ നടത്തുമെന്നാണ് പുറത്തുവരുന്ന സൂചനകൾ.
Previous Post Next Post