ചേലക്കരയിൽ നിന്നു വിജയിച്ച സിപിഎം നേതാവ് യു.ആര്‍. പ്രദീപ്, പാലക്കാട് നിന്നു വിജയിച്ച കോൺഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍ എന്നിവരുടെ സത്യപ്രതിജ്ഞ ബുധനാഴ്ച ഉച്ചയ്ക്ക് 12ന് നിയമസഭാ മന്ദിരത്തിലെ ആര്‍. ശങ്കരനാരായണന്‍ തമ്പി മെംബേഴ്സ് ലോഞ്ചിലാണ് നടക്കുക.
2016–21 കാലയളവിൽ എംഎൽഎ ആയിരുന്ന യു.ആർ. പ്രദീപ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കെ. രാധാകൃഷ്ണനു ചേലക്കരയിൽ നിന്നും മത്സരിക്കാനായി മാറി നിന്നു. രാധാകൃഷ്ണൻ ആലത്തൂരിൽ നിന്നും പാർലമെന്‍റിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഒഴിവിലേക്കാണ് പ്രദീപ് വീണ്ടും നിയമസഭയിലെത്തുന്നത്.
യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനായ രാഹുൽ നിയമസഭയിലേക്ക് ആദ്യമായാണ് തെരഞ്ഞെടുക്കപ്പെട്ടത്. പാലക്കാട് എംഎൽഎയായിരുന്ന ഷാഫി പറമ്പിൽ വടകരയിൽ നിന്നും പാർലമെന്‍റിലേക്ക് പോയ ഒഴിവിലേക്കാണ് രാഹുലിന്‍റെ വരവ്. ഇരുവരുടെയും ഇരിപ്പിടങ്ങൾ അടുത്ത നിയമസഭാ സമ്മേളനത്തിന് മുന്നോടിയായി നിശ്ചയിക്കും.
നേരത്തെ നിയമസഭാംഗമായിരുന്നതിനാൽ പ്രദീപിന് രണ്ടോ മൂന്നോ നിരയിൽ സീറ്റ് ലഭിക്കും. എന്നാൽ, ആദ്യമായി നിയമസഭാംഗമായെത്തുന്ന രാഹുലിന് പ്രതിപക്ഷത്ത് പിൻനിരയിലായിരിക്കും ഇരിപ്പിടം ലഭിക്കാനുള്ള സാധ്യത.