സന്ദീപ് വാര്യരുടെ കോണ്‍ഗ്രസ് കൂറുമാറ്റത്തില്‍ ആശങ്കയോടെ ബിജെപി. സന്ദീപുമായി ബന്ധമുള്ള നേതാക്കള്‍ പാര്‍ട്ടി വിടുമെന്ന അഭ്യൂഹവും ശക്തമാണ്. പാലക്കാട് നഗരസഭയിലെ പല കൗണ്‍സിലര്‍മാര്‍ക്കും സന്ദീപുമായി അടുപ്പമുണ്ട്.
ഇവര്‍ പാര്‍ട്ടി വിട്ടേക്കും എന്ന സൂചനയും ശക്തമാണ്. സന്ദീപ് പ്രശ്നം പാലക്കാട് നഗരസഭാ ഭരണത്തെ ബാധിക്കാതിരിക്കാനുള്ള കരുതലിലാണ് ബിജെപി.52 അംഗ സഭയിൽ 28 പേരാണ് ബിജെപിക്ക് ഉള്ളത്. കൂട്ടകൊഴിഞ്ഞുപോക്ക് ഭരണത്തില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കും.
ബിജെപി ശക്തികേന്ദ്രമായ പാലക്കാട് പാര്‍ട്ടിയില്‍ നിന്നുള്ള കൊഴിഞ്ഞുപോക്കില്‍ ആര്‍എസ്എസും അതൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്. പ്രതിസന്ധിയില്‍ ഇടപെട്ടിട്ടുകൂടി സന്ദീപ് വാര്യരുടെ കൊഴിഞ്ഞുപോക്ക് തടയാന്‍ കഴിഞ്ഞില്ലെന്ന വികാരവും സംഘടനയില്‍ ശക്തമാണ്. അതുകൊണ്ട് തന്നെ കൂടുതല്‍ കൊഴിഞ്ഞുപോക്കുകള്‍ തടയാനുള്ള ഇടപെടലിലാണ് ആര്‍എസ്എസ് നേതൃത്വം.