വയനാട്ടിലും ചേലക്കരയിലും ഇന്ന് നിശബ്ദ പ്രചാരണം; വോട്ടെടുപ്പ് നാളെ




കല്‍പ്പറ്റ: നാളെ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വയനാട്, ചേലക്കര മണ്ഡലങ്ങളില്‍ ഇന്ന് നിശബ്ദ പ്രചാരണം. പരമാവധി വോട്ടര്‍മാരെ നേരില്‍ കണ്ട് വോട്ടുറപ്പിക്കാനുള്ള ശ്രമത്തിലാണ് സ്ഥാനാര്‍ത്ഥികളും പാര്‍ട്ടി പ്രവര്‍ത്തകരും. ബൂത്ത് തലത്തിലുള്ള സ്‌ക്വാഡ് പ്രവര്‍ത്തനങ്ങളും നടക്കും.

പൗരപ്രമുഖരുമായിട്ടുള്ള കൂടിക്കാഴ്ചകളാണ്  സ്ഥാനാര്‍ത്ഥികളുടെ പ്രധാന പരിപാടി. വോട്ടെടുപ്പിന്റെ പോളിങ് സാമഗ്രികളുടെ വിതരണം ഇന്നു രാവിലെ എട്ട് മണി മുതല്‍ വിവിധ കേന്ദ്രങ്ങളില്‍ ആരംഭിക്കും. ഉച്ചയോടെ വിതരണം പൂര്‍ത്തിയാകും. തുടര്‍ന്ന് പോളിങ് ഉദ്യോഗസ്ഥര്‍ വൈകീട്ടോടെ നിശ്ചിത പോളിങ് കേന്ദ്രങ്ങളിലെത്തും.

വയനാട്ടില്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി. തെരഞ്ഞെടുപ്പില്‍ പ്രിയങ്കയുടെ കന്നിപ്പോരാട്ടമാണ്. സിപിഐയിലെ സത്യന്‍ മൊകേരിയും, ബിജെപിയിലെ നവ്യ ഹരിദാസുമാണ് പ്രധാന എതിരാളികള്‍. ചേലക്കരയില്‍ സിപിഎമ്മിലെ യു ആര്‍ പ്രദീപ്, കോണ്‍ഗ്രസിലെ രമ്യ ബരിദാസ്, ബിജെപിയിലെ ബാലകൃഷ്ണന്‍ എന്നിവര്‍ തമ്മിലാണ് പ്രധാന മത്സരം.
Previous Post Next Post