ജാർഖണ്ഡിൽ എക്സിറ്റ് പോൾ പ്രവചനങ്ങളെല്ലാം അസ്ഥാനത്തായി; ഇന്ത്യ സഖ്യത്തിന് മുന്നേറ്റം…



ജാർഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ പുരോ​ഗമിക്കവെ ഇന്ത്യ സഖ്യം അധികാരമുറപ്പിച്ചു. ഏറ്റവും ഒടുവിൽ പുറത്തുവരുന്ന സൂചനകൾ അനുസരിച്ച് ഇന്ത്യാ സഖ്യം 51 സീറ്റുകളിൽ ലീഡ് ചെയ്യുകയാണ്. എൻഡിഎ 28 സീറ്റുകളിൽ മാത്രമാണ് മുന്നിട്ട് നിൽക്കുന്നത്.

ജാർഖണ്ഡിലെ എക്‌സിറ്റ് പോൾ ഫലങ്ങൾ മിക്കവയും എൻ ഡി എ വിജയിക്കുമെന്നായിരുന്നു പ്രവചിച്ചത്. കടുത്ത പോരാട്ടമായതിനാൽ സീറ്റുകളുടെ അന്തരം കുറയുമെന്നും തൂക്ക് സഭയ്‌ക്ക് സാദ്ധ്യതയുണ്ടെന്നുമുള്ള റിപ്പോർട്ടുകളുമുണ്ടായിരുന്നു. എന്നാൽ, വോട്ടെണ്ണൽ പുരോ​ഗമിക്കവെ വ്യക്തമായ ഭൂരിപക്ഷത്തോടെ ഇന്ത്യ സഖ്യം അധികാരത്തിലെത്തുമെന്നാണ് റിപ്പോർട്ടുകൾ.

സംസ്ഥാനത്ത് 81 നിയമസഭാ മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടന്നത്. രണ്ട് ഘട്ടങ്ങളിലായിട്ടായിരുന്നു പോളിംഗ് നടന്നത്. നവംബർ പതിമൂന്നിന് ആദ്യ ഘട്ടവും ഇരുപതിന് രണ്ടാം ഘട്ടവും നടന്നു. 1,211 സ്ഥാനാർത്ഥികളാണ് മത്സര രംഗത്തുള്ളത്. എൻ ഡി എ 68 സീറ്റുകളിൽ സ്ഥാനാർത്ഥികളെ നിർത്തി. സഖ്യകക്ഷികളായ എ ജെ എസ് യു 10 സീറ്റുകളിൽ മത്സരിച്ചു. ജെഡിയു രണ്ട് മണ്ഡലങ്ങളിലും ലോക് ജനശക്തി (രാം വിലാസ്) ഒരു സ്ഥാനാർത്ഥിയെയും നിർത്തി.ഇന്ത്യ സഖ്യത്തിൽ ജെ എം എം 43 സീറ്റുകളിലും, കോൺഗ്രസ് 30 സീറ്റുകളിലും, ആർ ജെ ഡി ആറിലും, സി പി ഐ (എം എൽ) നാലിലും സ്ഥാനാർത്ഥികളെ നിർത്തി.

മഹാരാഷ്ട്രയിൽ പ്രമുഖ നേതാക്കളെല്ലാം മുന്നിലാണ്. മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ, ഉപമുഖ്യമന്ത്രിമാരായ ദേവേന്ദ്ര ഫഡ്നാവിസ്, അജിത് പവാർ എന്നിവരും മുന്നിലാണ്. ബാരാമതിയിൽ അജിതിനെതിരെ നിർത്തിയ ശരദ് പവാർ വിഭാഗത്തിന്റെ സ്ഥാനാർഥി യുഗേന്ദ്ര പവാർ പിന്നിലായി. 288 സീറ്റുകളാണ് സംസ്ഥാനത്ത്. മഹാരാഷ്ട്രയിൽ പ്രധാന നേതാക്കൾക്കെല്ലാം ഈ തിരഞ്ഞെടുപ്പ് നിർണായകമാണ്. തിരഞ്ഞെടുപ്പ് വിജയത്തിന്റെ അടിസ്ഥാനത്തിലാകും പലപാർട്ടികളുടേയും നിലനിൽപ്പ്. ഉപതിരഞ്ഞെടുപ്പു നടന്ന നാന്ദേഡ് ലോക്സഭാ മണ്ഡലത്തിലെ വോട്ടും ഇതോടൊപ്പം എണ്ണും.

Previous Post Next Post