കായംകുളം: കോടികൾ ചെലവഴിച്ച് നിർമിച്ച താലൂക്ക് ആശുപത്രിയിലെ അത്യാഹിത വിഭാഗം അടച്ചിട്ടതിനെതിരെ പ്രതിഷേധം ഉയരുന്നു. കേന്ദ്ര സർക്കാർ കോവിഡ് ഫണ്ടിൽനിന്ന് നൽകിയ ഒരുകോടിയോളം രൂപ ചെലവഴിച്ച് ഐ.സി.യു ബ്ലോക്ക് സ്ഥാപിച്ചിട്ട് ഒന്നര വർഷം പിന്നിടുന്നു. രണ്ടാമത്തെ നിലയിൽ ലേബർ റൂമിനോട് ചേർന്നാണ് അഞ്ച് കിടക്കകളുള്ള അത്യാഹിത വിഭാഗം സജ്ജീകരിച്ചത്. കിടക്കകളിൽ ഒരെണ്ണം കുട്ടികൾക്ക് വേണ്ടിയുള്ളതാണ്. മെച്ചപ്പെട്ട സൗകര്യങ്ങളുള്ള താലൂക്ക് ആശുപത്രിയിൽ എത്തുന്ന അത്യാഹിതക്കാരെ മെഡിക്കൽ കോളജിലേക്ക് പറഞ്ഞയക്കലാണ് നടക്കുന്നതെന്നതാണ് ശ്രദ്ധേയം.
താലൂക്ക് ആശുപത്രിയിലെ അത്യാഹിത സംവിധാനം പരാജയമാണെന്ന പരാതിക്ക് പരിഹാരം കാണാൻ ലഭ്യമാക്കിയ സൗകര്യം പ്രയോജനപ്പെടുത്തുന്നതിലാണ് വീഴ്ച വരുത്തിയത്. ദേശീയപാതയും കെ.പി റോഡ് അടക്കമുള്ള സംസ്ഥാനപാതയും കടന്നുപോകുന്ന വഴിയിലെ ആശുപത്രിയിൽ ദിനേന നിരവധി അപകട കേസുകളാണ് എത്തുന്നത്. ഇതെല്ലാം പ്രഥമശുശ്രൂഷ നൽകി റഫർ ചെയ്യൽ മാത്രമാണ് ഇവിടെ നടക്കുന്നത്.