പാലക്കാട് ഉപതിരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാർഥി രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പ്രചാരണ വിഡിയോ പത്തനംതിട്ട സിപിഎമ്മിന്റെ ഫെയ്സ്ബുക്ക് പേജില്‍. “പാലക്കാട് എന്ന സ്നേഹ വിസ്മയം” എന്ന് അടിക്കുറിപ്പുള്ള വീഡിയോ ആണ് സിപിഎമ്മിന്റെ പേജില്‍ പോസ്റ്റ് ചെയ്തത്. അബദ്ധം മനസ്സിലായതോടെ 63,000 ഫോളോവേഴ്സുള്ള പേജില്‍ നിന്ന് വിഡിയോ രാത്രി തന്നെ നീക്കി.
ഇത് ഔദ്യോഗിക ഫെയ്സ്ബുക്ക് പേജ് അല്ലെന്നാണ് സിപിഎമ്മിന്റെ വിശദീകരണം. വിഡിയോ വന്നത് വ്യാജ ഫെയ്സ്ബുക്ക് അക്കൗണ്ടിലാണെന്ന് സിപിഎം ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു പറഞ്ഞു. രാഹുല്‍ മാങ്കൂട്ടത്തില്‍ പത്തനംതിട്ട സ്വദേശിയാണ്. സംഭവത്തിന്റെ സ്ക്രീന്‍ ഷോട്ടുകള്‍ ഇപ്പോഴും വ്യാപകമായി പ്രചരിക്കുന്നുണ്ട്. വ്യാജ അക്കൗണ്ടെങ്കില്‍ ഉടന്‍ തന്നെ വിഡിയോ നീക്കം ചെയ്തത് ആരെന്ന ചോദ്യവും സോഷ്യല്‍ മീഡിയ ഉന്നയിക്കുന്നുണ്ട്.
'സിപിഐഎമ്മിന്റെ ഒഫിഷ്യല്‍ പേജെന്നാണ് ഇതിന്റെ ഡിസ്ക്രിപ്ഷനില്‍ സൂചിപ്പിച്ചിരിക്കുന്നത്. പേജിന് 45 K ലൈക്കാണുള്ളത്. രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാട്ടെ വീടുകള്‍ കയറി പ്രചാരണം നടത്തുന്നതും കുട്ടികളുമായി സൗഹൃദം പങ്കിടുന്നതുമായ വിഡിയോയാണ് ഈ പേജിലെത്തിയത്. 57 സെക്കന്റ് ദൈര്‍ഘ്യമുള്ള വിഡിയോയാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇതേ വിഡിയോ രാഹുല്‍ മാങ്കൂട്ടത്തില്‍ തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലുള്‍പ്പെടെ ഷെയര്‍ ചെയ്തതുമാണ്