കാറിന് മുകളിൽ കോണ്‍ക്രീറ്റ് പാളി വീണ് അപകടം. അരൂര്‍-തുറവൂര്‍ ഉയരപ്പാത മേഖലയിലായ എരമല്ലൂരിൽ ഇന്നലെ രാത്രിയാണ് അപകടമുണ്ടായത്. കാര്‍ യാത്രക്കാരനായ യുവാവ് തലനാരിഴ്യ്ക്കാണ് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത്. ഉയരപ്പാതയുടെ താഴേയുള്ള റോഡിലൂടെ പോകുന്നതിനിടെയാണ് അപകടമുണ്ടായത്.
പാലത്തിന് മുകളിൽ ഉപയോഗശേഷം നെറ്റിൽ സൂക്ഷിച്ചിരുന്ന കോണ്‍ക്രീറ്റ് പാളികളിലൊന്ന് താഴേക്ക് വീഴുകയായിരുന്നു. റോഡിലൂടെ പോയ കണ്ടെയ്നര്‍ ലോറിയുടെ മുകള്‍ ഭാഗം നെറ്റിൽ തട്ടിയതോടെയാണ് അതിലുണ്ടായിരുന്ന കോണ്‍ക്രീറ്റ് പാളി താഴേക്ക് വീണത്.
ഇതിനിടയിലാണ് റോഡിലൂടെ പോവുകയായിരുന്ന ചാരംമൂട് സ്വദേശി നിതിൻ കുമാര്‍ ഓടിച്ച കാറിന് മുകളിലേക്ക് ഇത് വീഴുന്നത്. കാറിന്‍റെ പിന്‍ഭാഗത്ത് വീണതിനാലാണ് വലിയ അപകടം ഒഴിവായത്. കാറിന്‍റെ മുൻഭാഗത്ത് വീണിരുന്നെങ്കില്‍ വലിയ അപകടമുണ്ടാകുമായിരുന്നുവെന്നും ഭാഗ്യകൊണ്ടാണ് രക്ഷപ്പെട്ടതെന്നും കാറിന്‍റെ പിന്‍ഭാഗം തകര്‍ന്നുവെന്നും പരാതി നൽകിയിട്ടുണ്ടെന്നും നിതിൻകുമാര്‍ പറഞ്ഞു.