ശബരിമലയില്‍ പൂപ്പല്‍ പിടിച്ച ഉണ്ണിയപ്പം വിതരണം ചെയ്‌തെന്ന ആക്ഷേപം ഗൗരവതരമെന്ന് ഹൈക്കോടതി. അഭിഭാഷകന്‍ ഹാജരാക്കിയ ചിത്രം പരിഗണിച്ചാണ് ഹൈക്കോടതി ദേവസ്വം ബെഞ്ചിന്റെ നിരീക്ഷണം. വിഷയം തിങ്കളാഴ്ച പരിഗണിക്കും.അതേസമയം മഴയും ഈര്‍പ്പവും കാരണമാകാം പൂപ്പല്‍ പിടിച്ചതെന്നാണ് ദേവസ്വം ബോര്‍ഡിന്റെ വിശദീകരണം. പൂപ്പലുള്ള ഉണ്ണിയപ്പം വിതരണം ചെയ്യില്ലെന്ന് ഉറപ്പാക്കിയെന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അറിയിച്ചു. രേഖാമൂലം മറുപടി നല്‍കാമെന്നും ദേവസ്വം ബോര്‍ഡ് ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്.
ശബരിമല ദര്‍ശനത്തിനെത്തിയ കൊച്ചി സ്വദേശികളായ വിശ്വാസികള്‍ക്ക് പൂപ്പല്‍ പിടിച്ച ഉണ്ണിയപ്പം ദേവസ്വം ബോര്‍ഡ് വിതരണം ചെയ്തുവെന്നാണ് പരാതി. പാക്കറ്റിന് 45 രൂപ നിരക്കിലാണ് ഉണ്ണിയപ്പം വിതരണം ചെയ്തത്. ഉണ്ണിയപ്പത്തോടൊപ്പം അരവണയും വാങ്ങിയിരുന്നു. വീട്ടിലെത്തി പ്രസാദം തുറന്നുനോക്കിയപ്പോഴാണ് ഉണ്ണിയപ്പം പൂപ്പല്‍ പിടിച്ച നിലയില്‍ കണ്ടെത്തിയത്.