കണ്ണിലെ കോലെടുത്തിട്ട് കരട് നോക്കാം - ചാണ്ടി ഉമ്മൻ


 പുതുപ്പള്ളി- എട്ടു വർഷത്തിലധികമായി അധികാരത്തിലിരിക്കുന്ന ഇടതുപക്ഷ ഗവൺമെന്റ് ഉമ്മൻചാണ്ടിയെയും തുടർന്ന് എം.എൽ.എ ആയ എന്നെയും മോശക്കാരൻ ആക്കുവാൻ വികസന പ്രവർത്തനങ്ങൾക്ക് ഫണ്ട് അനുവദിക്കാതെ ചിറ്റമ്മ നയം കാണിച്ചു കൊണ്ടിരിക്കെ  നിയോജകമണ്ഡലത്തിലെ റോഡുകൾ താറുമാറായി കിടക്കുന്നത്  എം.എൽ.എ യുടെ വീഴ്ചയാണ് എന്ന് പാർട്ടി സമ്മേളനത്തിൽ പ്രമേയം പാസാക്കുന്നത് വിരോധാഭാസമാണ്. ജലനിധി പൈപ്പുകൾ സ്ഥാപിക്കുന്നതിനായി ഗ്രാമീണ റോഡുകളിൽ  ട്രെഞ്ചുകൾ വെട്ടുന്നതിന് മുൻപേ  എഗ്രിമെന്റിൽ അവ പൂർവ്വ സ്ഥിതിയിൽ ആക്കുന്നതിനുള്ള വ്യവസ്ഥകൾ വയ്ക്കാതിരുന്നിട്ടുണ്ടെങ്കി ൽ അത് പഞ്ചായത്ത് ഭരണസമിതികളുടെ വീഴ്ചയാണ്. 

ഇടത് പഞ്ചായത്ത് ഭരണസമിതികൾ തങ്ങളുടെ കോടിക്കണക്കിന് രൂപ ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണം ഉൾപ്പെടെയുള്ള വികസന പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാതെ സി.പി.എം ഭരിക്കുന്ന ബാങ്കുകളിൽ നിക്ഷേപമായി ഇട്ടുകൊണ്ട്  എം.എൽ.എ യെ കുറ്റപ്പെടുത്തുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. നവ കേരള സദസിൽ മുഖ്യമന്ത്രി അനുവദിച്ചു എന്നു പറയുന്ന കോടികളും ഉപയോഗിച്ചു കാണുന്നില്ല. പഞ്ചായത്തുകളിലെ ഗ്രാമീണ റോഡുകൾ പുനരുദ്ധരിക്കുന്നതിനു വേണ്ടി പഞ്ചായത്തുകൾക്ക് നൽകേണ്ട മെയിന്റനൻസ് ഗ്രാൻഡ് (റോഡ്സ് ) അഞ്ചിൽ ഒന്നായി വെട്ടിക്കുറച്ചതാണ് റോഡുകളുടെ ഇപ്പോഴത്തെ ദാരുണാവസ്ഥയ്ക്ക് പ്രധാന കാരണം എന്നിരിക്കെ  എൽ.ഡി.എഫ് സർക്കാരിന്റെ വീഴ്ച എം.എൽ.എ യുടെ തലയിൽ കെട്ടിവയ്ക്കാൻ ശ്രമിക്കുന്നത് കണ്ണടച്ചിരുട്ടാക്കലാണ്.ഉദ്ഘാടനത്തിന് തന്നെ അറിയിക്കുകയോ ക്ഷണിക്കുകയോ പോലും  ചെയ്തിട്ടില്ല എങ്കിലും ഇടതുപക്ഷ മെമ്പർമാരുടെ വാർഡുകളിലും താൻ പക്ഷപാത രഹിതമായി ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണത്തിന് പണം അനുവദിച്ചിട്ടുണ്ടെന്നും എംഎൽഎ പറഞ്ഞു. സി.പി.എം ഭരിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് അവർ അവരുടെ കടമ നിറവേറ്റുവാനാണ്‌ പാർട്ടി നിർദ്ദേശം നൽകേണ്ടത്. അവനവന്റെ കണ്ണിലെ കോൽ എടുത്തിട്ട് മതി മറ്റുള്ളവരുടെ കണ്ണിലെ കരട് തപ്പുവാൻ  എന്നും എം.എൽ.എ പറഞ്ഞു.
Previous Post Next Post