തീർത്തും മോശമായ വായു ശ്വസിക്കേണ്ടിവരുന്നത് ഡൽഹിയിലെ നഗരവാസികളിൽ പലർക്കും അസ്വസ്ഥതയുമുണ്ടാക്കുന്നുണ്ട്. ആയിരക്കണക്കിനു മലയാളികൾ ഡൽഹിയിൽ ജോലി ചെയ്യുന്നുണ്ട് എന്നതിനാൽ അവിടുത്തെ വായുമലിനീകരണം കേരളത്തിനും ആശങ്കയുണ്ടാക്കുന്നതാണ്. ഇതിനു ശാശ്വതമായ പരിഹാരം ഇനിയും കണ്ടെത്താനായിട്ടില്ല എന്നതാണു യാഥാർഥ്യം. വായു മലിനീകരണം കുറയ്ക്കാനുള്ള കർശനമായ നടപടികൾ ഡൽഹിയിൽ അത്യാവശ്യമായിരിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് ഡൽഹി സർക്കാർ ഡ്രോൺ ഉപയോഗിച്ച് വെള്ളം സ്പ്രേ ചെയ്യുന്ന (മിസ്റ്റ് സ്പ്രേ) പരീക്ഷണം ആരംഭിച്ചിട്ടുണ്ട്. മലിനീകരണം ഏറ്റവും കൂടുതലുള്ള മേഖലകളിൽ ഈ രീതി ഫലപ്രദമാവുമെന്ന പ്രതീക്ഷയാണുള്ളത്. പൊടിപടലങ്ങൾ നിയന്ത്രിച്ച് വായുവിന്‍റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിന് ഇത് ഉപകരിക്കുമെന്നു ചൂണ്ടിക്കാണിക്കുന്നുണ്ട്. തുടക്കമെന്ന നിലയിൽ മൂന്ന് മിസ്റ്റ് സ്പ്രേ ഡ്രോണുകളാണ് ഉപയോഗിക്കുന്നത്. ഫലപ്രദമാണെങ്കിൽ കൂടുതൽ ഡ്രോണുകൾ ഉപയോഗിക്കുമെന്നു സർക്കാർ പറയുന്നുണ്ട്.
പൊടിയടക്കുന്നതിനു റോഡുകളിൽ വെള്ളം സ്പ്രേ ചെയ്യുന്ന സംവിധാനത്തിനു പുറമേയാണ് ഡ്രോൺ ഉപയോഗിച്ചുള്ള നിയന്ത്രണവും. ഇത്തരം മാർഗങ്ങളൊക്കെ താത്കാലികമായി ആശ്വാസം നൽകിയേക്കാം. എന്നാൽ, സ്ഥിരമായ പരിഹാരം അന്തരീക്ഷത്തിൽ മാലിന്യം പടരുന്നതു നിയന്ത്രിക്കുക എന്നതു തന്നെയാണ്. സർക്കാർ നിർദേശങ്ങൾ ലംഘിക്കുന്നവർക്ക് കനത്ത പിഴ ചുമത്തുന്നതടക്കം നടപടികൾ ഫലപ്രദമായി നടപ്പാക്കേണ്ടിയിരിക്കുന്നു. മലിനീകരണത്തോത് ഉയർന്നതോടെ നിരവധിയാളുകളാണു കണ്ണുനീറ്റലും ശ്വാസതടസവും ചുമയുമൊക്കെയായി ആശുപത്രികളിലെത്തുന്നത്. ശ്വസന സംബന്ധമായ അസുഖങ്ങൾ മൂലം ആശുപത്രികളിലെത്തുന്നവരിൽ 20 ശതമാനം വരെ വർധന ഇപ്പോൾ ഉണ്ടായിട്ടുണ്ടെന്നു റിപ്പോർട്ടുകൾ കാണിക്കുന്നു. എയിംസ് അടക്കം ആശുപത്രികളിൽ ശ്വസന സംബന്ധമായ അസുഖങ്ങളുമായി എത്തുന്നവർ വർധിച്ചിട്ടുണ്ട്. ആസ്മ വഷളായവരെ ആശുപത്രികളിൽ അഡ്മിറ്റ് ചെയ്യേണ്ടിവരുന്നു. ഇത്തരം അസുഖങ്ങളുള്ളവർ പുറത്തിറങ്ങാതിരിക്കാനാണു വിദഗ്ധർ നിർദേശിക്കുന്നത്. എന്നാൽ, ജോലിക്കു പോകാതെയും അത്യാവശ്യത്തിനു പുറത്തിറങ്ങാതെയും കഴിയില്ലല്ലോ.
അയൽ സംസ്ഥാനങ്ങളായ പഞ്ചാബിലും ഹരിയാനയിലും പാടശേഖരങ്ങളിൽ വൈക്കോൽ കത്തിക്കുന്നത് ഡൽഹിയിലെ മലിനീകരണത്തിന്‍റെ തോത് ഉയർത്തുന്നുവെന്നു പതിവായി ആരോപണം ഉയരുന്നതാണ്. വൈക്കോൽ കത്തിക്കൽ തടയാൻ നടപടിയെടുക്കാത്തതിൽ പഞ്ചാബ്, ഹരിയാന സർക്കാരുകളെ അടുത്തിടെയും സുപ്രീം കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. വായു ഗുണനിലവാര കമ്മിഷന്‍റെ നിർദേശങ്ങൾ നടപ്പാക്കാത്തതിൽ കോടതി അതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തു. കേന്ദ്ര സർക്കാർ പരിസ്ഥിതി സംരക്ഷണ നിയമം ദുർബലമാക്കിയെന്ന വിമർശനവും കോടതിയുടെ ഭാഗത്തുനിന്നുണ്ടായി. വൈക്കോൽ കത്തിക്കുന്നതിനുള്ള പിഴശിക്ഷ വളരെ കുറവാണെന്നും കോടതി ചൂണ്ടിക്കാട്ടി. ഇതിനു പിന്നാലെയാണ് കഴിഞ്ഞ ദിവസം വൈക്കോൽ കത്തിക്കുന്നതിനു ചുമത്തുന്ന പിഴ കേന്ദ്ര സർക്കാർ ഇരട്ടിയാക്കിയത്. ഇതുകൊണ്ട് എന്തു ഫലമുണ്ടാവുമെന്നു കണ്ടറിയേണ്ടതുണ്ട്. എന്തായാലും കർഷകർ വൈക്കോൽ കത്തിക്കുന്നതു കൊണ്ടു മാത്രമാണ് രാജ്യതലസ്ഥാനത്ത് വായു ഇത്രയേറെ മലിനമാകുന്നതെന്നും പറയാനാവില്ല. പലവിധ വ്യവസായങ്ങളും നഗരത്തിലെ ഗതാഗതക്കുരുക്കും പോലെ ഘടകങ്ങൾ പലതുണ്ട്. വാഹനങ്ങളിലെ പുകയാണ് മലിനീകരണത്തിന്‍റെ പ്രധാന കാരണമെന്ന് സെന്‍റർ ഫോർ സയൻസ് ആൻഡ് എൻവയോൺമെന്‍റ് അടുത്തിടെ പഠനത്തിൽ കണ്ടെത്തിയിരുന്നു. 51.5 ശതമാനം മലിനീകരണത്തിനും കാരണം വാഹനങ്ങളുടെ പുകയാണ് എന്നത്രേ അവരുടെ കണ്ടെത്തൽ. ഇതുപോലുള്ള എല്ലാ ഘടകങ്ങളും പരിഗണിച്ചുള്ള പരിഹാര മാർഗങ്ങളാണ് കൂടുതൽ ഗൗരവത്തോടെ ചർച്ച ചെയ്യപ്പെടേണ്ടത്.