നഴ്‌സിനെ കൂട്ടബലാത്സംഗം ചെയ്തു എന്ന പരാതി: പോലീസ് അന്വേഷണം



 നഴ്‌സായ യുവതിയെ കൂട്ടബലാത്സംഗം ചെയ്‌തെന്ന് പരാതി. ഉത്തർപ്രദേശിലെ ജലൗനിലാണ് സംഭവം. സ്‌കൂട്ടറിൽ ജോലിസ്ഥലത്തേക്ക് പോകവേയാണ് താൻ കൂട്ടബലാത്സം​ഗത്തിനിരയായത് എന്നാണ് യുവതിയുടെ പരാതി. ​ഗുരുതരമായി പരിക്കേറ്റ യുവതി ആശുപത്രിയിൽ ചികിത്സതേടി. ജോലിക്കായി ആശുപത്രിയിലേക്ക് സ്കൂട്ടറിൽ പോകവെ നാലം​ഗ സംഘമാണ് യുവതിയെ തടഞ്ഞത്. തുടർന്ന് ഇവരിൽ രണ്ടുപേർ യുവതിയെ ബലാത്സം​ഗം ചെയ്യുകയായിരുന്നു. യുവതിയുടെ സ്വകാര്യഭാഗത്ത് വടി കുത്തിയിറക്കുകയും മുളകുപൊടി വിതറുകയും ചെയ്ത ശേഷമാണ് സംഘം സ്ഥലംവിട്ടത്.

വീട്ടിൽനിന്ന് സ്‌കൂട്ടറിൽ ജോലിസ്ഥലത്തേക്ക് പോയ യുവതി പിന്നീട് ഫോണിൽവിളിച്ചാണ് തനിക്ക് നേരിട്ട ക്രൂരത അറിയിച്ചതെന്നാണ് ഭർത്താവ് നൽകിയ പരാതിയിൽ പറയുന്നത്. ഒരു യുവാവും അയാളുടെ ബന്ധുക്കളും ചേർന്ന് ഭാര്യയെ തടഞ്ഞുനിർത്തി ആക്രമിക്കുകയായിരുന്നു. തുടർന്ന് നാലുപേർ പിടിച്ചുവെയ്ക്കുകയും രണ്ടുപേർ പീഡിപ്പിക്കുകയുംചെയ്തു. സ്വകാര്യഭാഗത്ത് വടി കുത്തിയിറക്കിയും മുളകുപൊടി തേച്ചും ക്രൂരമായി ഉപദ്രവിച്ചെന്ന് പരാതിയിൽ പറയുന്നു.

അതേസമയം, യുവതിക്ക് മറ്റൊരു യുവാവുമായി ബന്ധമുണ്ടായിരുന്നതായും ഇയാളും കുടുംബവുമാണ് യുവതിയെ മർദിച്ചതെന്നുമാണ് പോലീസിന്റെ വിശദീകരണം. യുവതിക്ക് മർദനമേറ്റെന്ന വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തുകയും യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുംചെയ്തു. എന്നാൽ, ഇപ്പോൾ യുവതി ഗുരുതരമായ ആരോപണങ്ങളാണ് പരാതിയിൽ ഉന്നയിച്ചിരിക്കുന്നത്. അതിനാൽ പരാതിയിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായും ജലൗൻ എ.എസ്.പി. പ്രദീപ്കുമാർ വർമ മാധ്യമങ്ങളോട് പറഞ്ഞു.

Previous Post Next Post