ബിജെപിയുടെ അടിത്തറ ഇളകിയിട്ടില്ല, മേല്‍ക്കൂരയ്ക്കാണ് പ്രശ്‌നം: എന്‍ ശിവരാജന്‍'സന്ദീപ് പോയതുകൊണ്ട് ബിജെപിക്ക് ക്ഷീണമുണ്ടായിട്ടില്ല'


പാലക്കാട്: ഉപതിരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ പാലക്കാട് ബിജെപിയില്‍ നേതൃത്വത്തിനെതിരെ വിമര്‍ശനം ശക്തമാകുന്നു. ബിജെപിയുടെ അടിത്തറയ്ക്കല്ല മേല്‍ക്കൂരയ്ക്കാണ് പ്രശ്‌നമെന്ന് ബിജെപി ദേശീയകൗണ്‍സില്‍ അംഗം എന്‍ ശിവരാജന്‍ റിപ്പോര്‍ട്ടറിനോട് പറഞ്ഞു. മേല്‍ക്കൂര മാറ്റി, അടിത്തട്ട് ശരിയാക്കി ഇനിയുള്ള തിരഞ്ഞെടുപ്പുകളെ നേരിടുമെന്നും അദ്ദേഹം പറഞ്ഞു.


'ബിജെപിയുടെ അടിത്തറ ഇളകിയിട്ടില്ല. ബിജെപിയുടെ മേല്‍ക്കൂരയ്ക്കാണ് പ്രശ്‌നം. മേല്‍ക്കൂരമാറ്റി, അടിത്തട്ട് ശരിയാക്കി ഇനിയുള്ള തിരഞ്ഞെടുപ്പുകളെ നേരിടും. 2026ല്‍ പാലക്കാട് മറ്റൊരു ഫലമായിരിക്കും ഉണ്ടാകുക. നഗരസഭ പിടിച്ചെടുക്കാമെന്നത് കോണ്‍ഗ്രസിന്റെ മോഹം മാത്രമാണ്. സന്ദീപ് പോയതുകൊണ്ട് ബിജെപിക്ക് ക്ഷീണമുണ്ടായിട്ടില്ല', എന്‍ ശിവരാജന്‍ പറഞ്ഞു.

തോല്‍വിയുടെ കാരണം നേതൃത്വത്തിന് പറ്റിയ പാളിച്ചകളാണെന്നാണ് ബിജെപി ജില്ലാ കമ്മിറ്റിയംഗം തരൂര്‍ സുരേന്ദ്രന്‍ പ്രതികരിച്ചത്. സംസ്ഥാന-ജില്ലാ നേതൃത്വങ്ങള്‍ക്ക് വീഴ്ച പറ്റി. പുറത്തുനിന്നുള്ള പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും അമിത പ്രാധാന്യം നല്‍കി. ജില്ലയിലുള്ളവരെ പരിഗണിച്ചില്ല. ജില്ലാ പ്രസിഡന്റിനടക്കം പ്രവര്‍ത്തനത്തില്‍ വീഴ്ച പറ്റി. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലും വീഴ്ചയുണ്ടായി. മണ്ഡലത്തില്‍ വിജയ സാധ്യതയുള്ള മറ്റൊരു സ്ഥാനാര്‍ത്ഥിയെ കുറിച്ച് ചിന്തിക്കാമായിരുന്നുവെന്നും തരൂര്‍ സുരേന്ദ്രന്‍ റിപ്പോര്‍ട്ടറിനോട് പറഞ്ഞു.
പാലക്കാട് ബിജെപി ശക്തികേന്ദ്രങ്ങളില്‍ പോലും പാര്‍ട്ടിക്കേറ്റ കനത്ത തിരിച്ചടിക്ക് പിന്നാലെ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരെ പടയൊരുക്കമെന്നാണ് റിപ്പോര്‍ട്ടുകള്‍. ബിജെപിയുടെ എ ക്ലാസ് മണ്ഡലത്തില്‍ സി കൃഷ്ണകുമാറിനെ സ്ഥാനാര്‍ഥിയാക്കിയതില്‍ കൃഷ്ണദാസ് പക്ഷത്തും അതൃപ്തിയുണ്ടായിരുന്നു. വോട്ടെടുപ്പിന് തൊട്ടുമുമ്പ് സന്ദീപ് വാര്യര്‍ പാര്‍ട്ടി വിട്ട് കോണ്‍ഗ്രസിലെത്തിയതും കെ സുരേന്ദ്രന്റെ കെടുകാര്യസ്ഥത കൊണ്ടാണെന്ന വിമര്‍ശനവും ഉയരുന്നുണ്ട്.
Previous Post Next Post