തട്ടുകടയിൽ മദ്യപസംഘത്തിന്റെ ആക്രമണം. ഇടുക്കിയിൽ നെടുങ്കണ്ടം കമ്പംമെട്ട് അന്തർ സംസ്ഥാന പാതയിൽ കൂട്ടാറിന് സമീപം ഒറ്റക്കടയിൽ പ്രവർത്തിക്കുന്ന ബിസ്മി തട്ടുകടയിലാണ് മദ്യപസംഘം അതിക്രമം നടത്തുകയും പണം അപഹരിക്കുകയും ചെയ്തത്. കട ഉടമയായ എം.എം. നൗഷാദിനെയും ഭാര്യ റെജീന ബീവിയേയും ക്രൂരമായി മർദ്ദിച്ച ശേഷം സംഘം കടയിലുണ്ടായിരുന്ന പണവുമായി കടന്നുകളയുകയായിരുന്നു. ക്രൂരമായ മർദ്ദനമേറ്റ ഇരുവരും നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.
രണ്ടംഗസംഘം ഭക്ഷണം കഴിച്ചശേഷം പണം നൽകുന്നതുമായി ബന്ധപ്പെട്ടാണ് തർക്കമുണ്ടായത്. തുടർന്ന് കടയിൽ ഉണ്ടായിരുന്ന വസ്തുക്കളും ഭക്ഷണ സാധനങ്ങളും അടിച്ചു തകർത്തു. കട ഉടമയായ എം.എം. നൗഷാദിനെ നിലത്തിട്ട് മർദിച്ചു. ഇയാളുടെ ശരീരമാസകലം മർദനമേറ്റു. നൗഷാദിന്റെ കാലിന് പൊട്ടലുമുണ്ട്. ഭർത്താവിനെ മർദിക്കുന്നത് കണ്ട് തടയാൻ എത്തിയ ഭാര്യ റെജീന ബീവിയെ അക്രമിസംഘം ചവിട്ടി നിലത്തിട്ട് മർദിക്കുകയായിരുന്നു.
യാതൊരുവിധ പ്രകോപനവും ഇല്ലാതെയായിരുന്നു ആക്രമണമെന്നും പണപ്പെട്ടിയിൽ നിന്നും 10,000 ത്തിലധികം രൂപ അപഹരിച്ചതായും നൗഷാദ് പറഞ്ഞു. കമ്പംമെട്ട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.