മദ്യപാനത്തിനിടെ സുഹൃത്തുക്കളുമായി തർക്കം…കോടാലി കൊണ്ട് തലയ്ക്കടിയേറ്റ യുവാവ് മരിച്ചു….സുഹൃത്തുക്കൾ…



കോട്ടയം: മദ്യപാനത്തിനിടെയുണ്ടായ തർക്കത്തിൽ കോടാലി കൊണ്ട് തലയ്ക്കടിയേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കൊച്ചി മഴുന്നവന്നൂർ സ്വദേശി പ്രസാദ് കുമാർ ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ പ്രസാദ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇതിനിടെയാണ് ബുധനാഴ്ച രാത്രിയോടെ മരണം സംഭവിച്ചത്.

പ്രസാദിന്റെ തലയ്ക്ക് അടിച്ച രണ്ട് സുഹൃത്തുക്കളെ അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രസാദിന്റെ മരണത്തിന്റെ പശ്ചാത്തലത്തിൽ ഇവർക്കെതിരെ കൊലപാതക കുറ്റം കൂടി ചുമത്തും. നേരത്തെ വധശ്രമത്തിനായിരുന്നു കേസെടുത്തിരുന്നത്. മദ്യപാനത്തിനിടെ ഉണ്ടായ തർക്കമാണ് കോടാലി കൊണ്ടുള്ള അടിയിൽ കലാശിച്ചതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പ്രസാദ് കുമാറിന്റെ കോടാലി കൊണ്ട് അടിച്ച ശേഷം സുഹൃത്തുക്കൾ ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും നാട്ടുകാർ പിടികൂടുകയായിരുന്നു. 

ആദ്യം എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന പ്രസാദ് കുമാറിനെ പിന്നീട് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു. ചികിത്സയിലിരിക്കെ രാത്രി പത്ത് മണിയോടെ മരണം സംഭവിച്ചു. തലയ്ക്കേറ്റ അടിയാണ് മരണ കാരണമായതെന്ന നിഗമനത്തിലാണ് ഡോക്ടർമാരും പൊലീസും.
Previous Post Next Post